രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സ്ഥിരം കുറ്റവാളി; കേസ് എടുക്കുന്നതിന് മുന്‍പുതന്നെ പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തി; യുവതിയുടെ ജീവന് തന്നെ ഭീഷണി; സൈബര്‍ ആക്രമണങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദത്തിലാക്കാനും സാധ്യത; രാഹുലിന്റെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍

Update: 2026-01-11 07:42 GMT

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ അറസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. രാഹുല്‍ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചല്‍ ഒഫന്‍ഡര്‍) ആണെന്നടക്കമുള്ള ഗുരുതര പരാമര്‍ശമടക്കം അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് എടുക്കുന്നതിന് മുന്‍പുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എം എല്‍ എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബര്‍ ആക്രമണങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് വിവരിച്ചിട്ടുണ്ട്. നേരത്തയുള്ള കേസില്‍ പത്ത് ദിവസത്തോളം ഒളിവില്‍ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവില്‍ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുല്‍ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തി മാനസിക സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

മൂന്നാമത്തെ ബലാത്സംഗ കേസില്‍ ഇന്നലെ അര്‍ദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആര്‍ ക്യാംപിലെത്തിക്കുകയായിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശിനിയാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. ഈ പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറുകയായിരുന്നു. പരാതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. 2024 ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗവും ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.

കോടതിയില്‍ രാഹുലിന് ജാമ്യം തേടാന്‍ അഭിഭാഷകരെത്തുമെന്നാണ് സൂചന. ഈ സമയത്ത് കോടതിയില്‍ അന്വേഷണ സംഘം നിര്‍ണായക തെളിവുകള്‍ ഹാജരാക്കുമെന്നാണ് വിവരം. ഇതിനായി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പൊലീസ് ഒരു സൂചനയും നല്‍കാതെ രാഹുലിനെ അറസ്റ്റ് ചെയ്തത്. കോള്‍ റെക്കോഡിംഗുകള്‍, ശബ്ദരേഖകള്‍, ചാറ്റിംഗ് റെക്കോഡുകളടക്കം നിരവധി ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി പൊലീസിന് കൈമാറിയിട്ടുണ്ട്. അതിനൊപ്പം മെഡിക്കല്‍ രേഖകളും കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഗര്‍ഭാവസ്ഥയില്‍ ഡോക്ടറെ കണ്ടതും ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട ചികിത്സാ രേഖകളുമെല്ലാം പരാതിക്കാരി കൈമാറിയിട്ടുണ്ട്. അലസിപ്പോയ ഗര്‍ഭത്തിന്റെ ഭ്രൂണാവശിഷ്ടം തെളിവിനായി സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നാണ് പരാതിക്കാരി മൊഴിയില്‍ പറയുന്നത്.

ഈ സമയത്ത് പാലക്കാടായിരുന്ന രാഹുല്‍ തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോകാനുള്ള സാദ്ധ്യതയും പൊലീസ് മുന്‍കൂട്ടി കണ്ടിരുന്നു. അതിനാല്‍ തന്നെ ആരെയും വിവരമറിയിക്കാതെ ചുരുക്കം ചില പൊലീസുകാരെ മാത്രം വച്ചുകൊണ്ട് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് രാഹുലിനെ പഴുതടച്ച് അറസ്റ്റ് ചെയ്തത്. അതേസമയം, ഈ തെളിവുകളെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിരിക്കുകയാണ്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭ കടുത്ത നടപടിക്കൊരുങ്ങുകയാണ്. വിഷയം എത്തിക്‌സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അയോഗ്യത നടപടിക്ക് നിയമോപദേശം തേടും. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എം എല്‍ എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീക്കര്‍ പ്രതികരിച്ചു.

അതിനിടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിഷേധവുമായി ഡി വൈ എഫ് ഐയും യുവമോര്‍ച്ചയും കടുത്ത പ്രതിഷേധമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. ഏറെ പണിപ്പെട്ടാണ് രാഹുലിനെ വാഹനത്തില്‍ നിന്നും പുറത്തിറക്കിയത്. ആശുപത്രിയില്‍ വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നതെങ്കിലും പ്രതിഷേധക്കാരെ തടയാന്‍ പൊലീസിനായില്ല.

തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണ് രാഹുലിനെ ആശുപത്രിയുടെ അകത്തേക്ക് കയറ്റിയത്. എന്നാല്‍ പരിശോധനയ്ക്ക് ശേഷം രാഹുലിനെ പുറത്തിറക്കാനായിട്ടില്ല. ആശുപത്രിയില്‍ നിന്ന് പുറത്തേക്കുള്ള രണ്ട് കവാടങ്ങളിലും പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചത് പൊലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയാല്‍ തിരുവല്ല മജിസ്‌ട്രേറ്റ് മുന്നില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Tags:    

Similar News