പോലീസ് വേഷത്തിലെത്തിയ രണ്ട് പേർ വീടിന് പുറത്ത് കാവൽ നിന്നു; അകത്തു കയറിയവർ റിയൽ എസ്റ്റേറ്റ് ഉടമയെയും ഭാര്യയെയും കെട്ടിയിട്ടു; തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും കവർന്നു; നാലംഗ സംഘത്തിനായി വലവിരിച്ച് പോലീസ്

Update: 2026-02-17 09:07 GMT

ബെംഗളൂരു: നഗരത്തിലെ ബി.ഇ.എൽ. ലേഔട്ടിൽ പോലീസെന്ന വ്യാജേന എത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് 20 ലക്ഷം രൂപയും അരക്കിലോ സ്വർണ്ണാഭരണങ്ങളും കവർന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെ പട്ടാപ്പകലാണ് സംഭവം. റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. പിരാതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഹോംബലേഗൗഡ (53), ഭാര്യ മംഗളമ്മ, ഇവരുടെ പേരക്കുട്ടി എന്നിവർ വീട്ടിലുണ്ടായിരുന്ന സമയത്താണ് നാലംഗ സംഘം അതിക്രമിച്ചു കയറിയത്. സബ് ഇൻസ്പെക്ടറുടെ യൂണിഫോം ധരിച്ച ഒരാളും സിവിൽ വേഷത്തിലുള്ള മൂന്ന് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. യെലഹങ്ക പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതികൾ, പ്രദേശത്ത് ഒരു കുറ്റകൃത്യം നടന്നതായും വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉള്ളിൽ കടന്നത്.

സംഘത്തിലെ രണ്ട് പേർ വീടിന് പുറത്ത് കാവൽ നിന്നപ്പോൾ മറ്റുള്ളവർ ഡയറിയും ബാഗുമായി അകത്തേക്ക് പ്രവേശിച്ചു. വീടിനുള്ളിൽ കടന്ന ഉടൻ പ്രതികൾ തോക്കും കത്തിയും കാണിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഹോംബലേഗൗഡയെയും ഭാര്യയെയും ടേപ്പ് ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു. തുടർന്ന് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയും അരക്കിലോ സ്വർണ്ണാഭരണങ്ങളും കൈക്കലാക്കിയ സംഘം, ദമ്പതികളുടെ മൊബൈൽ ഫോണുകളും തട്ടിയെടുത്ത ശേഷമാണ് രക്ഷപ്പെട്ടത്.

സംഭവ വിവരം ഉടനടി പോലീസിനെ അറിയിക്കുകയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ പോലീസ് കമ്മീഷണർ, പ്രതികളെ പിടികൂടുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നത്.

Tags:    

Similar News