കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു; മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരിക്കെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വെച്ചായിരുന്നു തീപിടുത്തം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
തിരുപുറം ആര്‍.സി. ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബസിന്റെ മുന്‍ഭാഗത്ത് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
റേഡിയേറ്ററില്‍ നിന്ന് തീ ഉയരുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍നിന്നും പൂവാറില്‍നിന്നും രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മുരഹര എന്ന ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത്. നെയ്യാറ്റിന്‍കര നിന്നും പൂവാറില്‍ നിന്നും രണ്ട് ഫയര്‍ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാമ്പിനും പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.