പര്‍ദയ്ക്കുള്ളിലെ മുഖം തേജസ് രാജിന്റേതാണെന്ന് മനസ്സിലാക്കിയിട്ടും തുറന്നു പറയാന്‍ ഗോമസും ഭാര്യയും തയ്യറായില്ല; തേജസും ഫെബിന്റെ സഹോദരിയും സൗഹൃദത്തിലായത് ബാങ്ക് പരിശീലന കേന്ദ്രത്തില്‍ വച്ച്; സിവില്‍ പോലീസ് പരീക്ഷ ജയിച്ചെങ്കിലും ശാരീരിക ക്ഷമതയില്‍ തോറ്റ തേജസ്; ബാങ്കില്‍ ജോലി കിട്ടിയ സുഹൃത്തും; ഉളിയക്കോവിലില്‍ പക വ്യക്തം

Update: 2025-03-19 01:50 GMT

കൊല്ലം: കോളേജ് വിദ്യാര്‍ഥിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നശേഷം തീവണ്ടിക്കു മുന്നില്‍ച്ചാടി ജീവനൊടുക്കാന്‍ യുവാവിനെ പ്രേരിപ്പിച്ചത് ബാങ്ക് പരിശീലന കേന്ദ്രത്തിലെ സൗഹൃദത്തിലുണ്ടായ തകര്‍ച്ച. കൊല്ലപ്പെട്ട ഉളിയക്കോവില്‍ വിളപ്പുറം മാതൃകാ നഗര്‍ 160-ല്‍ ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ സഹോദരിയും തേജസ് രാജും ഒന്നിച്ച് ബാങ്ക് പരീക്ഷാ പരിശീലനത്തിന് പഠിച്ചിരുന്നു. ഇതിനിടെ ഇവര്‍ പ്രണയത്തിലായി. ഇരുവീട്ടുകാര്‍ വിവാഹം നടത്താമെന്ന് ധാരണയിലുമെത്തി. പിന്നീട് പെണ്‍കുട്ടിക്ക് കോഴിക്കോട്ട് ഫെഡറല്‍ ബാങ്കില്‍ ജോലി ലഭിച്ചു. അതിനുശേഷം അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും തേജസ് രാജുമായുള്ള ബന്ധത്തില്‍നിന്നു പിന്മാറി. ഇത് തന്നെയാണ് പ്രതികാരം. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ ജയിച്ചെങ്കിലും കായികക്ഷമതാ പരീക്ഷയില്‍ ജയിക്കാനാകാതെവന്നതും തേജസ് രാജിനെ മാനസികമായി തളര്‍ത്തിയിരുന്നു.

തേജസ് സിവില്‍ പോലീസ് പരീക്ഷ പാസായെങ്കിലും കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടു. ഇതിനിടെ യുവതിക്ക് ജോലി ലഭിച്ചു. ഇതോടെ ബന്ധം തകര്‍ന്നു. ഇത് തേജസിനെ തളര്‍ത്തി. തുടക്കത്തില്‍ അക്രമം നടത്തിയയാളെപ്പറ്റിയുള്ള വിവരം വീട്ടുകാര്‍ മറച്ചുവെച്ചെന്ന് പോലീസ് പറയുന്നു. കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച് എത്തിയത് തേജസാണെന്നു തിരിച്ചറിഞ്ഞിട്ടും ഇക്കാര്യം തുറന്നുപറയാന്‍ ഫെബിന്റെ പിതാവ് ജോര്‍ജ് ഗോമസും ഭാര്യയും തയ്യാറായിരുന്നില്ല. ജോര്‍ജ് ഗോമസിനും കുത്തേറ്റിരുന്നു. ആരാണ് വീട്ടിലെത്തി അക്രമം കാട്ടിയതെന്ന് അറിയില്ലെന്നാണ് കുടുംബം പോലീസിനെ അറിയിച്ചത്. വീട്ടിലേക്ക് വന്ന കാറിനെ തേടിയുള്ള അന്വേഷണമാണ് തേജസിലേക്ക് കാര്യങ്ങളെത്തിച്ചത്. അപ്പോഴേക്കും തേജസ് ആത്മഹത്യ ചെയ്തിരുന്നു. നീണ്ടകര പരിമണം പുത്തന്‍തുറ തെക്കടത്ത് തേജസ് രാജ് കൊലപാതകം ലക്ഷ്യമിട്ടുതന്നെയാണ് വീട്ടിലെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി കരുതിയ രണ്ട് പെട്രോള്‍ ടിന്നുകളിലൊന്ന് കാറില്‍നിന്നു കണ്ടെത്തിയിരുന്നു. ഇയാള്‍ കൊണ്ടുവന്ന ലൈറ്ററും പിന്നീട് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി.

പ്രണയം തകര്‍ന്നു. പോലീസില്‍ ജോലിയും കിട്ടിയില്ല. ഈ നിരാശയ്ക്കിടെയാണ് യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതായി തേജസ് രാജ് അറിയുന്നത്. ഇതാണ് യുവതിയുടെ മാതാപിതാക്കളോടും സഹോദരനോടുമുള്ള വൈരാഗ്യത്തിനിടയാക്കിയത്. സംഭവദിവസം രാവിലെയാണ് വീട്ടില്‍നിന്നു കാറില്‍ തേജസ് രാജ് പുറപ്പെട്ടത്. യുവതിയും വീട്ടിലുണ്ടാകുമെന്നുകരുതിയിരിക്കുമെന്നാണ് പോലീസ് നിഗമനം. ചോരപടര്‍ന്ന വീട്ടുമുറ്റം, പൈപ്പിന്‍ചുവട്, മതില്‍, കുത്താന്‍ ഉപയോഗിച്ച കത്തി, പുറത്തേക്കോടിയ ഫെബിന്‍ വീണുകിടന്ന സ്ഥലം, തേജസ് കൊണ്ടുവന്ന ലൈറ്റര്‍ എന്നിവ പോലീസ് പരിശോധിച്ചു.

വീട്ടുമുറ്റത്തും കാര്‍ ഷെഡിന്റെ തൂണിലും മതിലിലുമെല്ലാം ചോരപ്പാടുകളുണ്ടായിരുന്നു. പിന്നീട് ഫെബിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വീട് വൃത്തിയാക്കി. ചെമ്മാന്‍മുക്കില്‍ കണ്ടെത്തിയ തേജസിന്റെ കാറിലും പോലീസ് പരിശോധന നടത്തി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഫെബിന്റെ പിതാവ് ജോര്‍ജ് ഗോമസ് ശസ്ത്രക്രിയയ്ക്കുശേഷം തീവ്രപരിചരണവിഭാഗത്തിലാണ്. ഫെബിന്റെ സഹോദരിയുമായി സംസാരിച്ചു പോലീസ് മൊഴി രേഖപ്പെടുത്തും. ജോര്‍ജ് ഗോമസിന്റെ മൊഴിയും എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വാട്സാപ്പ് ചാറ്റുകളും ഇലക്ട്രോണിക് തെളിവുകളും പോലീസ് ശേഖരിച്ചുവരികയാണ്.

Tags:    

Similar News