'തോക്കുചൂണ്ടി കാറിലേക്ക് കയറ്റി, ചുണ്ടില്‍ കത്തികൊണ്ട് വരഞ്ഞു; കാറില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു; കാനഡയിലുള്ള മകന് 70 കോടി ആവശ്യപ്പെട്ട് സന്ദേശം അയപ്പിച്ചു; പോലീസിനെ അറിയിക്കരുതെന്നും ഭീഷണിപ്പെടുത്തി; തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിക്ക് നേരെ നടന്നത് ക്രൂര മര്‍ദനം; മുഖത്ത് സാരമായി പരിക്കേറ്റതിനാല്‍ സര്‍ജറി വേണ്ടി വരുമെന്ന് ബന്ധുക്കള്‍
'തോക്കുചൂണ്ടി കാറിലേക്ക് കയറ്റി, ചുണ്ടില്‍ കത്തികൊണ്ട് വരഞ്ഞു;
പാലക്കാട്: പാലക്കാട്ട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കങ്ങളാണെന്നാണ് സൂചനകള്‍. തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും രക്ഷപെട്ട വി പി മുഹമ്മദാലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അക്രമികളില്‍ നിന്നും മുഹമ്മദാലിക്ക് ക്രൂരമര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നു. ക്വട്ടേഷന്‍ സംഘമാണ് മര്‍ദിച്ചതെന്നാണ് കരുതുന്നത്. 70 കോടി ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മുഹമ്മദാലി. പട്ടാമ്പി മുതല്‍ ഇദ്ദേഹത്തെ അക്രമി സംഘം പിന്തുടരുന്നുണ്ടായിരുന്നു. മലപ്പുറം പാലക്കാട് അതിര്‍ത്തിയായ തിരുമിറ്റക്കോട് കോഴിക്കാട്ടരി പാലത്തിന് സമീപമാണ് അക്രമി സംഘം സഞ്ചരിച്ച വാഹനം കുറുകെ നിര്‍ത്തി, മുഹമ്മദലിയെ തട്ടിക്കൊണ്ടുപോകുന്നത്.
തോക്കുചൂണ്ടിയാണ് അക്രമി സംഘം മുഹമ്മദാലിയെ കാറിലേക്ക് കയറ്റുന്നത്. മലപ്പുറം ജില്ലയുടെ ഭാഗത്തേക്കാണ് ആദ്യം പോയത്. പിന്നീട് തിരികെ വന്ന്, മറ്റൊരു വാഹനത്തിലേക്ക് മുഹമ്മലിയെ മാറ്റുന്നു. ഇതില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. കാറില്‍ വെച്ച് ക്രൂരമായി മുഹമ്മദാലിയെ മര്‍ദിച്ചു. തുടര്‍ന്നാണ് കോതകുറിശ്ശിയിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുവരുന്നത്. അവിടെവെച്ചും മര്‍ദിക്കുകയും ചുണ്ടില്‍ കത്തികൊണ്ട് വരയുകയും ചെയ്തു.
ഇതിനിടെ വാഹനത്തില്‍ വെച്ച് കാനഡയിലുള്ള മകന് 70 കോടി ആവശ്യപ്പെട്ട് സന്ദേശം അയപ്പിക്കുകയും ചെയ്തു. ഈ വിവരം പൊലീസിനെ അറിയിക്കരുതെന്നും മകന് അയച്ച സന്ദേശത്തിലുണ്ട്. ക്വട്ടേഷന്‍ ടീം മദ്യപിച്ച് ബോധ രഹിതരായതോടെ പുലര്‍ച്ചയോടെയാണ് മുഹമ്മദാലി തടവില്‍ നിന്നും ഓടി രക്ഷപ്പെടുന്നത്. തുടര്‍ന്ന് സമീപത്തെ പള്ളിയില്‍ കയറി. അവിടെ എത്തിയ ആളുകളാണ് ആശുപത്രിയില്‍ എത്തിച്ചതും സംഭവം പൊലീസിനെ അറിയിക്കുന്നതും.
മുഹമ്മദാലി പ്രധാന ഷെയര്‍ ഹോള്‍ഡറായ നീലഗിരിയിലെ കോളേജുമായി ബന്ധപ്പെട്ടൊരു കേസ് സുപ്രിംകോടതിയില്‍ നിലവില്‍ നടക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടാവാം ആക്രമണമെന്നാണ് വിവരം. ചിലരെ സംശയമുണ്ടെന്നാണ് മുഹമ്മദാലിയുടെ കുടുംബം പറയുന്നത്. പൊലീസ് വിശദമായി തന്നെ അന്വേഷിക്കുന്നുണ്ട്. ഡിജിപിയും, ഡിവൈഎസ്പിയും, എസ്പിയും ഉള്‍പ്പെടെ എല്ലാവരും വളരെ അലര്‍ട്ടായിട്ടാണ് അന്വേഷിക്കുന്നെന്ന് ബന്ധുക്കള്‍ പറഞ്#ു.
മര്‍ദ്ദനമേറ്റ മുഹമ്മദാലിക്ക് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. ഒരു സര്‍ജറി വേണ്ടി വരും. അതിനായി വെയിറ്റ് ചെയ്യുകയാണ്. മുഖത്ത് കാര്യമായി പരിക്കുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി. നിരവധി ബിസിനസുകള്‍ നടത്തുന്ന ആളാണ്. ബിസിനസ്സുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും കാര്യങ്ങളും ഒന്നുമില്ല. എല്ലാവരുമായി വളരെ സൗഹൃദപരമായാണ് അദ്ദേഹം. 50 വര്‍ഷമായി സൗദി അറേബ്യയില്‍ ഉണ്ട്. പക്ഷേ, ഞങ്ങളുടെ ഒരു കോളേജുമായി ബന്ധപ്പെട്ട് സുപ്രീം കോര്‍ട്ടില്‍ ഒരു കേസ് നടക്കുന്നുണ്ട്. അതിനെക്കുറിച്ചാണ് ക്വട്ടേഷന്‍ ടീം പറഞ്ഞതെന്ന് സഹോദരന്‍ സൂചിപ്പിക്കുന്നു.
നീലഗിരി കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അവിടെ ഒരു 17 കോടി രൂപയുടെ പ്രശ്‌നമുണ്ടെന്ന രൂപത്തിലാണ് അവര്‍ സംസാരിച്ചത്. നീലഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് വയനാടിന്റെ ലാസ്റ്റ് തമിഴ്‌നാടിന്റെ ബോര്‍ഡറിലാണ്. കേസ് നടക്കുന്ന പാര്‍ട്ണര്‍മാരുമായി ബന്ധപ്പെട്ടാണ് ഇഷ്യൂ. ക്വട്ടേഷന്‍ ഏല്‍പ്പിച്ച ആളുകള്‍ പണം വേണമെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. വലിയൊരു എമൗണ്ട് ചോദിച്ചു എന്നാണ് പറഞ്ഞത്. പൈസ ചോദിക്കുക എന്ന ഉദ്ദേശത്തിലായിരിക്കും ക്വട്ടേഷന്‍ വന്നത്. അവര്‍ ചോദിച്ചത് 70 കോടി രൂപയാണ്. ആര്‍ക്ക് വേണ്ടിയാണ് ഈ ക്വട്ടേഷന്‍ എന്ന് പറഞ്ഞിട്ടില്ല. സംസാരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുള്ളതുകൊണ്ട് കേട്ടറിഞ്ഞതാണ്. എന്തായാലും പോലീസ് വളരെ ക്ലിയറായിട്ട് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അടുത്ത സമയം കൊണ്ട് പിടിക്കുമെന്ന പ്രതീക്ഷയിലാണ്.- സഹോദരന്‍ പറഞ്ഞു.
ക്യാമറ വെച്ച് നോക്കുമ്പോള്‍ ഇന്നോവയില്‍ വന്ന ക്വട്ടേഷന്‍ ടീം വളരെ ദൂരത്തുനിന്ന് തന്നെ പിന്തുടര്‍ന്നു വന്നിട്ടുണ്ട് എന്നാണ് പോലീസ് പറഞ്ഞത്. മുഹമ്മദാലിയുടെ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണ്. കേരളത്തെ നടക്കുന്ന സംഭവമാണ് വ്യവസായിയുടെ തട്ടിക്കൊണ്ടു പോകല്‍.
