വല്ലപ്പുഴയില്‍ പെണ്‍കുട്ടിയെ കാണാതായ സംഭവം; ട്രെയിനില്‍ ഒപ്പം യാത്ര ചെയ്‌തെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടു; ചിത്രം തയ്യാറാക്കിയത് സഹയാത്രക്കാരന്റെ മൊഴിപ്രകാരം; കാണാതായത് വീട്ടില്‍ നിന്നും ട്യൂഷന് പോയ പെണ്‍കുട്ടിയെ
വല്ലപ്പുഴയില്‍ പെണ്‍കുട്ടിയെ കാണാതായ സംഭവം; യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടു
പാലക്കാട്: വല്ലപ്പുഴയില്‍ കാണാതായ പെണ്‍കുട്ടിയുടെ കൂടെ ട്രെയിനില്‍ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. വല്ലപ്പുഴ സ്വദേശി അബ്ദുല്‍ കരീമിന്റെ മകള്‍ 15കാരി ഷഹന ഷെറിനെ കാണാതായിട്ട് ആറ് ദിവസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം രേഖാ ചിത്രം പുറത്തുവിട്ടത്.
ട്രെയിനിലെ സഹ യാത്രക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടത്. പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നു പരശുറാം എക്‌സ്പ്രസില്‍ ഷഹന ഷെറിന്‍ യാത്ര ചെയ്തതായി സംശയമുണ്ടായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം എങ്ങുമെത്താതിരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ രേഖാ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
ഡിസംബര്‍ 30നു രാവിലെ മുതലാണ് ഷഹനയെ കാണാതായത്. വീട്ടില്‍ നിന്നു ട്യൂഷനു പോയ പെണ്‍കുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധു വീട്ടിലേക്കെന്ന വ്യാജേന പോവുകയായിരുന്നു. കൂട്ടുകാരികളുടെ മുന്നില്‍ നിന്നു തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുര്‍ഖ ധരിച്ചാണ് പെണ്‍കുട്ടി പോയത്.
പെണ്‍കുട്ടി സ്‌കൂളിലെത്താത്ത വിവരം അധ്യാപകര്‍ അറിയിച്ചതനുസരിച്ച് മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചു. അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്താനായില്ല. ഷഹനയുടെ വസ്ത്രമായിരുന്നു വെല്ലുവിളി. എങ്കിലും പെണ്‍കുട്ടി പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് സ്ഥിരീകരിച്ചിരുന്നു. ഷൊര്‍ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിനു തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും വെല്ലുവിളിയായി.
ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാര്‍, സിഐമാര്‍, എസ്‌ഐമാര്‍ അടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്.