പ്രണയം മൂത്ത് വിവാഹം; അവിഹിതം സംശയമായപ്പോള്‍ വെടിയുതിര്‍ത്ത് ദാമ്പത്യം തീര്‍ത്തു; കണ്ടാല്‍ എയര്‍ ഗണ്‍ പോലെ; പക്ഷേ ബോളിനൊപ്പം തിരയും പുറത്തേക്ക് വരുന്ന സംവിധാനം; നാടന്‍ തോക്കിന് കാലപ്പഴക്കമുണ്ടെന്ന് തെളിയിക്കും വിധമുള്ള തുരുമ്പും; ഭാര്യയെ കൊന്നത് വാട്‌സാപ്പില്‍ കൊലവിളി നടത്തി; വണ്ടാഴിയിലെ കൃഷ്ണകുമാറിന് ആ തോക്ക് എവിടെ നിന്ന് കിട്ടി?
പാലക്കാട്: വണ്ടാഴി സ്വദേശി കൃഷ്ണകുമാര്‍ ആത്മഹത്യക്കും ഭാര്യയെ കൊലപ്പെടുത്താനും ഉപയോഗിച്ച 12 എം എം ബോര്‍ വലിപ്പത്തിലുള്ള തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം. നാടന്‍ നിര്‍മിത തോക്കാണ് കൃഷ്ണകുമാര്‍ ഉപയോഗിച്ചത്. പ്രാദേശികമായി വ്യാജമായി നിര്‍മ്മിച്ചതാണ് തോക്ക് എന്നാണ് നിഗമനം. 2.5 എം എം തിര ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള തോക്ക് കോയമ്പത്തൂരില്‍ നിന്നോ ബംഗളൂരുവില്‍ നിന്നോ വാങ്ങിയതാണെന്നാണ് നിഗമനം. സിനിമാ സ്‌റ്റൈല്‍ തോക്കാണ് ഇത്. സാധാരണ തോക്കിനേക്കാള്‍ നീളം കുറവാണിതിന്. മടക്കി ചെറിയ ബാഗിനുള്ളിലാക്കി കൊണ്ടുപോകാന്‍ കഴിയും, ഭാര്യക്ക് കോയമ്പത്തൂരില്‍ ഡോക്ടറായ ഒരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം. തോക്കിന്റെ വിശദ പരിശോധനയ്ക്കായി എ.ആര്‍. ക്യാമ്പിലെ ആംസ് വിഭാഗത്തിന് മംഗലംഡാം പോലീസ് കത്തുനല്‍കിയിട്ടുണ്ട്.
കൃഷ്ണകുമാര്‍ വെടിയുതിര്‍ത്തപ്പോഴുണ്ടായ ശക്തിയില്‍ തെറിച്ചുപോയ തോക്ക് മൃതദേഹത്തില്‍നിന്ന് പത്തുമീറ്ററോളം മാറിയാണ് കണ്ടെത്തിയത്. 20 ഇഞ്ചോളം നീളമുള്ള തോക്കിന് ലൈസന്‍സില്ല. ചിലഭാഗങ്ങള്‍ തുരുമ്പിച്ച നിലയിലാണ്. അതുകൊണ്ട് ഏറെ പഴക്കമുള്ളതായാണ് കരുതുന്നത്. എയര്‍ഗണ്ണിനോട് സമാനമായി തോന്നുമെങ്കിലും എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്നതുപോലുള്ള ചെറിയ ബോളുകള്‍ക്കു പകരം, മരുന്നും ബെയറിങ് ബോളുകളുമടങ്ങിയ പെന്‍സില്‍ബാറ്ററിയുടെ രൂപത്തിലുള്ള തിരകളാണ് ഉപയോഗിച്ചത്. കൃഷ്ണകുമാര്‍ സഞ്ചരിച്ച കാറില്‍നിന്ന് മൂന്നുതിരയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വെടിയുതിര്‍ക്കുമ്പോള്‍ തിര ശരീരത്തില്‍ തുളഞ്ഞുകയറുന്നതിനൊപ്പം ബെയറിങ് ബോളുകള്‍ ശരീരത്തിനുള്ളില്‍ ചിതറുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തില്‍ കൃഷ്ണകുമാറിന്റെ ശരീരത്തില്‍ നിന്ന് ബെയറിങ് ബോളുകള്‍ കണ്ടെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച കോയമ്പത്തൂരില്‍ പോയി ഭാര്യയെയും മക്കളെയും കണ്ട ശേഷം തിങ്കളാഴ്ചയാണ് കൃഷ്ണകുമാര്‍ മടങ്ങാറുള്ളത്. അടുത്തിടെയായി ഭാര്യയുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ വെള്ളിയാഴ്ച കോയമ്പത്തൂരിലേക്ക് പോയിരുന്നില്ല. തിങ്കളാഴ്ച രാവിലെ കൃഷ്ണകുമാര്‍ വീടിന്റെ ഗേറ്റിന് സമീപം വെടിവച്ച് മരിച്ചതോടെയാണ് സംഭവം നാടറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വന്നതാണെന്നറിഞ്ഞത്. കൃഷ്ണകുമാറിന്റെ മാതാപിതാക്കള്‍ ഉടന്‍ മംഗലംഡാം പൊലീസില്‍ അറിയിക്കുകയായിരുന്നു. ദീര്‍ഘകാലം വിദേശത്തായിരുന്ന കൃഷ്ണകുമാര്‍ കോവിഡ് കാലത്ത് നാട്ടില്‍ തിരിച്ചെത്തിയ ശേഷം വീട്ടില്‍ കൃഷിപ്പണികളുമായി കഴിയുകയായിരുന്നു. കൃഷ്ണകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ട ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. സംഗീതയുടെ മൃതദേഹം സുലൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ട ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
സംഗീതയെ കൊലപ്പെടുത്തുന്നതിനു മുന്‍പ് കൃഷ്ണകുമാര്‍ വാട്‌സാപ് ഗ്രൂപ്പില്‍ കൊലവിളി നടത്തിയിരുന്നതായി തമിഴ്‌നാട് പൊലീസ് പറയുന്നു. സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലവിളി. ഭാര്യയുമായുള്ള ബന്ധം തനിക്കു മുന്നോട്ടു കൊണ്ടുപോകാന്‍ താത്പര്യമില്ലെന്നു അടുത്ത സുഹൃത്തുക്കളോട് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നതായും പൊലീസ് അറിയിച്ചു. പട്ടണംപുതൂരിലെ സുലൂരിലായിരുന്നു കൃഷ്ണകുമാറും സംഗീതയും പെണ്‍മക്കളും താമസിച്ചിരുന്നത്. പിതാവ് സുന്ദരന്‍ അസുഖബാധിതനായതോടെയാണു വണ്ടാഴിയിലെ കുടുംബ വീട്ടിലേക്ക് കൃഷ്ണകുമാര്‍ താമസം മാറ്റിയത്.
സിംഗപ്പൂരിലും മലേഷ്യയിലും ജോലി ചെയ്തിരുന്ന കൃഷ്ണകുമാര്‍ പ്രണയിച്ചാണ് കോയമ്പത്തൂര്‍ സ്വദേശിനിയായ സംഗീതയെ വിവാഹം കഴിച്ചത്. നായിഡു വിഭാഗക്കാരിയായ സംഗീത ഇടയ്‌ക്കെല്ലാം പാലക്കാട് വണ്ടാഴിയിലുള്ള കൃഷ്ണകുമാറിന്റെ വീട്ടില്‍ വന്നിരുന്നു. കഴിഞ്ഞ ഓണാവധിക്ക് വണ്ടാഴിയിലെ വീട്ടിലെത്തിയ സംഗീതയും പെണ്‍മക്കളും വീട്ടിലെ ഓണാഘോഷത്തിലും പങ്കെടുത്തിരുന്നു. കുടുംബ ബന്ധത്തില്‍ വിള്ളലുണ്ടായതോടെ ഡിവോഴ്‌സിനും നീക്കം കൃഷ്ണകുമാര്‍ നടത്തിയിരുന്നു. ഇതിനിടെയാണ് കൊലയും ആത്മഹത്യയും.
പുലര്‍ച്ചെ വണ്ടാഴിയില്‍ നിന്നും സുലൂരിലെത്തിയ കൃഷ്ണകുമാര്‍ പെണ്‍മക്കള്‍ സ്‌കൂളിലേക്കു പോകാനായി കാത്തു നിന്ന ശേഷമാണ് കൊലപാതകം നടത്തിയത്. സംഗീതയെ വകവരുത്തിയ ശേഷം കാറില്‍ വണ്ടാഴിയിലേക്കു മടങ്ങിയ കൃഷ്ണകുമാര്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അടുത്ത ബന്ധുവിനോട് ഫോണിലൂടെ അറിയിച്ചിരുന്നു. വീട്ടിലെത്തി കാറില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ കൃഷ്ണകുമാര്‍ ഗണ്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു.
അഞ്ചുദിവസമായി വണ്ടാഴിയിലെ വീട്ടിലുണ്ടായിരുന്ന കൃഷ്ണകുമാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് കാറില്‍ കോയമ്പത്തൂരിലേക്ക് പോയത്. കുട്ടികളുടെ പാസ്‌പോര്‍ട്ട് ആവശ്യത്തിനായി പോകുകയാണെന്നാണ് തന്നോടു പറഞ്ഞതെന്ന് അച്ഛന്‍ സുന്ദരന്‍ പറഞ്ഞു. ഭാര്യയെ കൊന്നെന്നും താനും മരിക്കാന്‍ പോകുകയാണെന്നും ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞതായി പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് കോയമ്പത്തൂര്‍ പട്ടണംപുതൂരില്‍ കൃഷ്ണകുമാര്‍ എത്തിയത്. കൊലപാതകം ആസൂത്രണംചെയ്ത് തോക്കുമായി കാറില്‍ എത്തിയശേഷം, രണ്ടുമക്കളും സ്‌കൂളില്‍ പോകുന്നതുവരെ വീടിനുപുറത്ത് കാറില്‍ കാത്തിരുന്നതായി കോയമ്പത്തൂര്‍ സൂളൂര്‍ പോലീസ് പറഞ്ഞു. കുട്ടികള്‍ പോയതോടെ വീട്ടില്‍ കയറി. പിന്നീട് സംഗീതയുമായി വഴക്കുണ്ടാവുകയും ഇതിനിടെ, തോക്കുകൊണ്ട് നെഞ്ചില്‍ വെടിവെയ്ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ കയറി പത്തുമിനിറ്റിനകം കൃഷ്ണകുമാര്‍ കാറില്‍ മടങ്ങിയതായി സമീപത്തെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പോലീസിനു വ്യക്തമായിട്ടുണ്ട്. കാറില്‍ തിരികെ വണ്ടാഴിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ സാമൂഹികമാധ്യമ ഗ്രൂപ്പില്‍ ഭാര്യയെ കൊന്നെന്നും താന്‍ ജീവിച്ചിരിക്കില്ലെന്നും കൃഷ്ണകുമാര്‍ ശബ്ദസന്ദേശം അയച്ചു. ഇതുകണ്ട സമീപവാസികളാണ് വിവരം സൂളൂര്‍ പോലീസിനെ അറിയിച്ചത്.
വെടി പൊട്ടിയതിന്റെ ശബ്ദംകേട്ട് അച്ഛന്‍ ഓടിയെത്തുമ്പോഴേക്കും കൃഷ്ണകുമാര്‍ വെടിയേറ്റ് വീണിരുന്നു. കോയമ്പത്തൂര്‍ സൂളൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ സംഗീതയെ കോയമ്പത്തൂരിലെ വീടിനുള്ളില്‍ നെഞ്ചില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കൃഷ്ണകുമാറിന്റെ അച്ഛന്‍ സുന്ദരന്‍ വണ്ടാഴി ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും വടക്കഞ്ചേരി സഹകരണ സര്‍വീസ് ബാങ്ക് മുന്‍ ഡയറക്ടറുമാണ്. അമ്മ: സരോജിനി. സഹോദരങ്ങള്‍: ഉഷാറാണി, രാജേശ്വരി. സംഗീതയുടെ അച്ഛന്‍: പരേതനായ ഹരിദാസ്. അമ്മ: ജയ. മക്കള്‍: അമീഷ, അക്ഷര. സഹോദരി: അമലു.കൃഷ്ണകുമാര്‍ സംഗീത