ഒടുവില്‍ വാദികള്‍ പ്രതികളായി; വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ വമ്പന്‍ ട്വിസ്റ്റ്; പരാതിക്കാരും സാക്ഷികളുമായ ഏഴു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കൊലപാതക ശ്രമ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്; കുരുക്കായത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വാളുകള്‍ കൊണ്ട് ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍
വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ വമ്പന്‍ ട്വിസ്റ്റ്
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍, വീണ്ടും വമ്പന്‍ ട്വിസ്്റ്റ്. 2020 ഓഗസ്റ്റ് 30 ന് തിരുവോണ തലേന്ന് രണ്ടുഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന കേസില്‍ 8 കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നേരത്തെ പ്രതികളായിരുന്നത്. ഏറ്റവുമൊടുവില്‍, കേസില്‍ ഏഴു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കൊലപാതക ശ്രമ കുറ്റം ചുമത്താന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ബൈക്കില്‍ പോവുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവരാണ് ഓഗസ്റ്റ് 30ന് രാത്രിയില്‍ പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയില്‍ വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ടത്.
സിസി ടിവി ദൃശ്യങ്ങള്‍ കുരുക്കായി
കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നേരത്തെ പരാതിക്കാരും സാക്ഷികളുമായിരുന്നു എന്നതാണ് വമ്പന്‍ ട്വിസ്റ്റ്. കോടതിയില്‍ സമര്‍പ്പിച്ച വീഡിയോ തെളിവാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കുടുക്കിയത്. സംഭവം നടന്ന രാത്രിയില്‍ ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വാളുകള്‍ കൊണ്ട് ആക്രമിക്കുന്നതാണ് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും പകല്‍ പോലെ വ്യക്തമായത്.
ദൃശ്യങ്ങളില്‍, മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ തേമ്പാമൂട് ജങ്ഷനില്‍ നില്‍ക്കുന്നത് കാണാം. അവരെ ക്രൂരമായി ആക്രമിക്കുന്നത് മൂന്നു ബൈക്കുകളിലായി എത്തിയ 9 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചപ്പോഴാണ് രണ്ടുഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടും കുത്തുമേറ്റ് കൊല്ലപ്പെട്ടതെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.
കൊലപാതകത്തിന് പിന്നാലെ, മൂന്നുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. മറ്റു അഞ്ചുപേര്‍ക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയ്ക്കും, തെളിവ് നശിപ്പിക്കലിനും കേസെടുത്തു. ആദ്യഘട്ടത്തില്‍, തങ്ങളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ല. എന്നാല്‍, സിസി ടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരായിരിക്കുകയാണ്.
സ്വയം പ്രതിരോധമെന്ന വാദം വിലപ്പോയില്ല
അതേസമയം, തങ്ങളെ സ്വയം ചെറുത്തുനില്‍പ്പിനായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രത്യാക്രമിച്ചതെന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടെങ്കിലും അത് കോടതി തള്ളി. പരാതിക്കാരനായ ഡിവൈഎഫ്‌ഐ തേമ്പാമൂട് ലോക്കല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷെഹിന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിധിന്‍ ജോണ്‍, ഷഹീന്‍, മുഹമ്മദ് റിജാസ്, അജ്മല്‍, ഗോകുല്‍, ഫൈസല്‍ എന്നിവര്‍ക്കെതിരെ ഐപിസി 307ാം വകുപ്പ് പ്രകാരം കൊലപാതക ശ്രമക്കുറ്റം ചുമത്താനാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചത്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവരെ കൊലപ്പെടുത്തിയതിനാണ് എട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യ കേസെടുത്തത്. പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോടതിയില്‍ കുറ്റം ചുമത്തലിന് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഇനി കേസിന്റെയും കൗണ്ടര്‍ കേസിന്റെയും വിചാരണ ഒരേസമയം കോടതിയില്‍ നടക്കും.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സജീബ്, സനല്‍, അജിത്, ഷിജിത്, അന്‍സാര്‍, ഉണ്ണി, നജീബ്, സതി എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായത്. ഒന്നാം പ്രതി സജീബിന്റെ അമ്മ റംലത്ത് ബീവി നല്‍കിയ പരാതി കോടതി അംഗീകരിച്ചതോടെയാണ് കൗണ്ടര്‍ കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായത്.
തന്റെ മകനെ കാത്തുനിന്ന് ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചവരെ സാക്ഷികളാക്കി മാറ്റിയെന്ന റംലത്ത് ബീവിയുടെ പരാതിയിലാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രതികളായത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഒന്നാം പ്രതിയുടെ അമ്മ റംലാബീവിയുടെ പരാതി.
ഡിവൈഎഫ്‌ഐക്കാരെ സംരക്ഷിച്ച് പൊലീസ്
ഒന്നാം പ്രതി സജീബിനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് വെട്ടുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പ്രതിരോധിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചതെന്നായിരുന്നു പരാതിയിലെ വാദം. ആക്രമണ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും തുടക്കം മുതല്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ സംരക്ഷിക്കാനാണ് വെഞ്ഞാറമൂട് പോലീസ് ശ്രമിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. സംസ്ഥാനത്തൊട്ടാകെ തന്നെ രാഷ്ട്രീയമായി കോളിളമുണ്ടാക്കിയ സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ തുടക്കം മുതല്‍ തന്നെ ഏകപക്ഷീയമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
കൊല്ലപ്പെട്ട ഹഖ് മുഹമ്മദിനും മിഥാലാജിനും ഒപ്പമുണ്ടായിരുന്നവരാണ് ഇപ്പോഴത്തെ കേസിലെ പ്രതികള്‍.
കോടതി രണ്ട് തവണ ഈ പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വെഞ്ഞാറമൂട് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്വയരക്ഷാര്‍ത്ഥമാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് കോടതി മടക്കിയിട്ടും പോലീസ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കനുകൂലമായാണ് രണ്ടാം റിപ്പോര്‍ട്ടും നല്‍കിയത്.
സംഭവം ഇങ്ങനെ
2020 ഉത്രാട ദിനമായ ഓഗസ്റ്റ് 30ന് അര്‍ദ്ധ രാത്രിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ആയുധങ്ങള്‍ കൈവശം വച്ച് ഇരുവിഭാഗം യുവാക്കള്‍ തമ്മില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. തേമ്പാംമൂട് വച്ച് നടന്ന അക്രമ സംഭവത്തില്‍ സിസിറ്റിവി ഫൂട്ടേജില്‍ മാരകയാധുങ്ങളായ വാളുകള്‍ ഉപയോഗിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ വെട്ടും കുത്തും പ്രകടമായി കാണാന്‍ കഴിയുന്നതാണ്. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി വെമ്പായം തേവലക്കാട് സഫിയൂല്‍ നിസാം മന്‍സിലില്‍ മിഥിലാജ് (30) , ഡിവൈഎഫ്ഐ കലുങ്കില്‍ മുഖം യൂണിറ്റ് പ്രസിഡന്റ് കലുങ്കില്‍മുഖം ബിസ്മി മന്‍സിലില്‍ ഹഖ് മുഹമ്മദ് (24) എന്നിവരാണ് അര്‍ദ്ധരാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് 13 ന് പ്രതികളിലൊരാളായ സജീബ് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കൊല്ലപ്പെട്ട ഹക്ക് മുഹമ്മദും സംഘവും ആക്രമിച്ച് തടികൊണ്ടടിച്ചതാണ് തിരിച്ചടി നല്‍കാന്‍ കാരണമായതെന്ന് എന്ന മൊഴിയാണ് അറസ്റ്റിലായ പ്രതികള്‍ പൊലീസിന് ആവര്‍ത്തിച്ചു നല്‍കിയത്. പ്രതികാരം ചെയ്യണമെന്ന് അന്ന് തീരുമാനിച്ചതുകൊണ്ടാണ് പൊലീസില്‍ അന്ന് പരാതിപ്പെടാത്തതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് പൊലീസ് വിശദീകരിച്ചത്. അതേ സമയം വ്യക്തിപരമായുള്ള വിരോധത്താല്‍ നടന്ന സംഘട്ടനത്തെ പൊലീസ് ഇടത് പക്ഷ സര്‍ക്കാരിന്റെ ആജ്ഞയനുസരിച്ച് രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോപണമുയര്‍ന്നു. നിക്ഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാനമൊട്ടാകെ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.
കേസില്‍ പ്രതികളായി യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി പുല്ലമ്പാറ മരുതുംമൂട് ഷജിത് മന്‍സിലില്‍ ഷാജഹാന്‍ മകന്‍ ഷജിത്ത് (27) , പുല്ലമ്പാറ മുക്കൂടില്‍ ചരുവിള പുത്തന്‍ വീട്ടില്‍ അജിത് (27) , തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടില്‍ അലിയാരു കുഞ്ഞ് മകന്‍ നജീബ് (41) , മരുതുംമൂട് റോഡരികത്ത് വീട്ടില്‍ ചെല്ല സ്വാമി മകന്‍ സതികുമാര്‍ (46) , തേമ്പാമൂട് സ്വദേശി അബ്ദുള്‍ ഹക്കിം മകന്‍ അന്‍സര്‍ (40) , മദപുരം സ്വദേശി ബിജു എന്ന ഉണ്ണി (44) , മദപുരം സ്വദേശി ശ്യാമള മകള്‍ പ്രീജ എന്നിവരെ 2020 സെപ്റ്റംബര്‍ 1ന് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളി അബൂബക്കര്‍ മകന്‍ വെള്ളി സജീബ്, സനല്‍ സിങ് എന്ന സനല്‍ എന്നിവരെ സെപ്റ്റംബര്‍ 4ന് അറസ്റ്റ് ചെയ്തു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഫൈസലും പ്രതികളില്‍ ചിലരുമായി വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘര്‍ഷവുമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസിന്റെ കേസ്.
കൊല്ലപ്പെട്ടത് കൊലപ്പെടുത്താന്‍ എത്തിയവരെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
* കൊല നടത്താന്‍ എത്തിയവരാണു കൊലപാതകത്തിനിരയായത്. കൃത്യം നടത്താനായി ഇവര്‍ ഗൂഢാലോചന നടത്തി.
* എതിര്‍സംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.
* മുഖംമൂടി ധരിച്ച്, ശരീരം മുഴുവന്‍ മൂടിപ്പൊതിഞ്ഞാണ് കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്.
* രണ്ടുസംഘത്തിന്റെ കൈവശവും മാരകായുധങ്ങള്‍ ഉണ്ടായിരുന്നു.