പോലീസ് കമാന്‍ഡോ വിനീതിന്റെ ആത്മഹത്യ ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിനാലെന്ന് എസ്പി; 30 സെക്കന്റ് വ്യത്യാസത്തില്‍ ഓട്ടമത്സരം പരാജയപ്പെട്ടത് വെടിയുതിര്‍ത്ത് ജീവനൊടുക്കാന്‍ ഇടയാക്കിയെന്ന് വാദം; അവധി നിഷേധിച്ചെന്ന വാദം തള്ളി; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും

പോലീസ് കമാന്‍ഡോ വിനീതിന്റെ ആത്മഹത്യ ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിനാലെന്ന് എസ്പി

Update: 2024-12-17 02:42 GMT

മലപ്പുറം: അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്റെ ആത്മഹത്യയില്‍ പോലീസ് അന്വേഷണം ഇന്ന് തുടങ്ങും. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. വിനീതിന് എസ്ഒജി ക്യാമ്പില്‍ തൊഴില്‍ പീഡനം നേരിട്ടോ, അവധി നിഷേധിക്കപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും. എസ്ഒജി ക്യാംപിലെ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു.

അതേസമയം അവധി നിഷേധിച്ചതാണ് ആത്മഹചത്യയിലേക്ക് നയിച്ചതെന്ന വാദം പോലീസ് ഉന്നതര്‍ തള്ളുയാണ്. വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത് ശാരീരികക്ഷമതാപരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയാലാണെന്ന് കരുതുന്നതായി മലപ്പുറം പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എസ്.പി. മാധ്യമങ്ങളെ കണ്ടത്.

കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്യുന്നത്. 2011-ല്‍ ജോലിയില്‍ ചേര്‍ന്ന വിനീത് ഒട്ടേറേ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്‌സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. ഇതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് എസ്.പി. പറഞ്ഞത്.

സംഭവം വിശദമായി അന്വേഷിക്കാന്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി.യെ സേതുവിനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. വിനീത് ഉള്‍പ്പെടെ പത്തോളംപേര്‍ ആ പരീക്ഷയില്‍ പരാജയപ്പെട്ടു. അവധി നിഷേധിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ല. കഴിഞ്ഞ ഒന്‍പതുമുതല്‍ 11 വരെ വിനീത് അവധിയിലായിരുന്നു. ഡിസംബറില്‍ മറ്റ് അവധികള്‍ വിനീത് ആവശ്യപ്പെട്ടതായി രേഖയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിനീത് സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ മേലുദ്യോഗസ്ഥനായ എ.സി. അജിത്തിനെതിരേ സൂചനയുണ്ട്. ഇക്കാര്യവും ഡിവൈ.എസ്.പി. അന്വേഷിക്കുമെന്ന് എസ്.പി. പറഞ്ഞു. അതേസമയം വിനീതിന്റെ മരണത്തില്‍ കുറ്റവാളികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അരീക്കോട് എസ്ഒജി ക്യാംപിലേക്ക് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടത്തും. ഡാ... ഈ കത്ത് സാറിനെ കാണിക്കണം, കൂടെയുള്ളവര്‍ക്ക് പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം. ഓട്ടത്തിന്റെ സമയം ഒന്ന് കൂട്ടണം. എന്റെ ജീവന്‍ അതിനായി സമര്‍പ്പിക്കുന്നു. എന്നാണ് വിനീതിന്റെ ആത്മഹത്യാ കുറിപ്പ്.

റിഫ്രഷര്‍ കോഴ്സില്‍ പരാജയപ്പെട്ടതിന് മെമ്മോ നല്‍കി. ക്യാമ്പിലെ ശുചിമുറി വൃത്തിയാക്കിച്ചു, ഗാര്‍ഡ് ഡ്യൂട്ടിയും നല്‍കി. 2011 മുതല്‍ സര്‍വീസിലുള്ള താന്‍ ഇന്നുവരെ സര്‍വീസില്‍ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയിട്ടില്ലെന്നും സൂചിപ്പിക്കുന്നു. കടുത്ത പനിയും സര്‍ജറി ചെയ്തതിന്റെ ബുദ്ധിമുട്ടിലുമാണ് കോഴ്സിലെ ഓട്ടത്തില്‍ പരാജയപ്പെട്ടതെന്നും വിനീതിന്റെ മെമ്മോക്കുള്ള മറുപടിക്കത്തിലുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടും കടുത്ത നടപടികളുമായി മേലുദ്യോഗസ്ഥര്‍ മുന്നോട്ട് പോയതാണ് വിനീത് ആത്മഹത്യ ചെയ്യാന്‍ കാരണം.

റിഫ്രഷര്‍ കോഴ്സില്‍ പരാജയപ്പെട്ടതോടെ ഒരു മാസത്തെ അതികഠിനമായ ശിക്ഷ നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു മേലുദ്യോഗസ്ഥര്‍. രാത്രി ഉറങ്ങാന്‍ പോലും കഴിയാത്ത പരിശീലനമായിരുന്നു ഇത്. ഇതോടെ വിനീത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. മലപ്പുറം അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പിലെ ഗ്രൂപ്പ് കമാന്‍ഡോ ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നിരുന്നു. നിയമവും നീതിയും നടപ്പാക്കേണ്ട പോലീസ് സേനയില്‍ ആത്മഹത്യ നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീതാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.

വിനീതിന്റെ ആത്മഹത്യ അത്യന്തം വേദനാജനകവും സേനയുടെ ആത്മവീര്യം കെടുത്തുന്നതുമാണ്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണം. ഇതു വ്യക്തമാക്കി വിനീത് അയച്ച സന്ദേശങ്ങളും മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഏറ്റവും അവസാനമായി അവധി നിഷേധിച്ചതാണ് വിനീതിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അവധിക്ക് മൂന്നു തവണ അപേക്ഷ നല്‍കിയിട്ടും പരിഗണിക്കാത്തത് മനുഷ്യത്വരഹിതമാണ്, പ്രതിപക്ഷനേതാവ് പറഞ്ഞു.

നിയമവും നീതിയും നടപ്പാക്കേണ്ട പോലീസ് സേനയില്‍ ആത്മഹത്യ നിത്യസംഭവമായി മാറിയിരിക്കുകയാണ്. അമിത ജോലിഭാരം പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ അടിയന്തിര പ്രമേയമായി അവതരിപ്പിച്ചിരുന്നു. അന്ന്, നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍വെച്ച് ഉറപ്പ് നല്‍കിയിരുന്നു, പ്രതിപക്ഷനേതാവ് പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ആ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് വിനീതിന്റെ ആത്മഹത്യ. വിനീത് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അതോടൊപ്പം തന്നെ പോലീസ് സേനാംഗങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടാതിരിക്കാനുള്ള പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റ ഡി.ഡി.ഇ. ഓഫീസ് റിട്ട. ജീവനക്കാരന്‍ വയനാട് മൈലാപ്പാടി പൂളക്കണ്ടി ചെങ്ങായിമേല്‍ ചന്ദ്രെന്റയും വത്സലയുടെയും മകനാണ് വിനീത്. ഭാര്യ: അനുഗ്രഹ. മകന്‍: കൃശംഗ് വി ചന്ദ്. സഹോദരന്‍: വിബിന്‍.

Tags:    

Similar News