16,80,000 രൂപ വാടകയായി അദാനി തുറമുഖ കമ്പനിയില്‍ നിന്നും വാങ്ങി; മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട പണം നല്‍കാതെ കബളിപ്പിച്ചു പണം തട്ടി; വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികള്‍ ആരോപണം ഉന്നയിച്ചത് കോസ്റ്റല്‍ പോലീസ് മറൈന്‍ ഡിവൈഎസ്പിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ

മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട പണം നല്‍കാതെ കബളിപ്പിച്ചു പണം തട്ടി

Update: 2024-11-30 05:54 GMT

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് കപ്പലടിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യതൊഴിലാളി ബോട്ടുകളെ വിളിച്ചു വരുത്തിയ ശേഷം അര്‍ഹമായ പണം നല്‍കാതെ അവരെ കബളിപ്പിച്ചതില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. തുറമുഖത്ത് കപ്പലടുപ്പിക്കുന്നതിന്റെ പേരിലാണ് ഉദ്യോഗസ്ഥര്‍ പണം തട്ടിയതായാണ് പരാതി. സംഭവത്തില്‍ ആരോപണ വിധേയരായത് മറൈന്‍ ഡിവൈഎസ്പിയും കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരുമാണ്.

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ അടുക്കുന്നതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളില്‍ നിന്നും സുരക്ഷയ്ക്കായി 20ഓളം വള്ളങ്ങള്‍ വാടകയ്‌ക്കെടുത്തശേഷം മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് വാടകത്തുക തട്ടിയെടുത്തതായാണ് പരാതി. ഇതുസംബന്ധിച്ച് ജില്ലര്‍ പത്രോസ് എന്ന മത്സ്യ തൊഴിലാളിയാണ് പരാതി നല്‍കിയത്. വിജിലന്‍സില്‍ പരാതിനല്‍കിയതിന് ശേഷം കാര്യമായ നടപടികള്‍ കൈക്കൊള്ളാതെ വന്നതോടെ ഫിഷറീസ് മന്ത്രിക്കു ഇദ്ദേഹം പരാതി നല്‍കി.

ഈ പരാതിയില്‍ വിശദമായി തന്നെ ജില്ലര്‍ വിഷയം സൂചിപ്പിക്കുന്നുണ്ട്. 2023 സെപ്തംബര്‍ മാസത്തില്‍ അദാനി പോര്‍ട്ടില്‍ കപ്പലില്‍ ക്രെയിന്‍ കൊണ്ടു വരുന്ന സമയത്ത് പോലീസുകാര്‍ക്ക് ഹാര്‍ബറില്‍ കാവല്‍ കിടക്കാനായാണ് വിഴിഞ്ഞം കോസ്റ്റല്‍ പോലീസും മറൈന്‍ ഡിവൈഎസ്പിയും ചേര്‍ന്ന് വള്ളക്കാരെ വിളിച്ചത്. ഓരോ ദിവസവും വാടകയായി തന്നത് ആദ്യ ദിവസം 5000 രൂപയും രണ്ടാമത്തെ ദിവസും മുതല്‍ 8000 രൂപയും വെച്ചായിരുന്നു. എന്നാല്‍, പെരുമാതുറയില്‍ നിന്നും വള്ളക്കാരെ വിളിച്ചിലുന്നു. ഇവര്‍ക്ക് ദിവസ വടകയായി പതിനായിരം രൂപാ വെച്ച് നല്‍കാനാണ് തീരുമാനിച്ചത്. ആദ്യ അഞ്ച് ദിവസം പതിനായിരം രൂപ വെച്ച് നല്കി. എന്നാല്‍, അഞ്ച് ദിവസംകഴിഞ്ഞ് അവരെ പറഞ്ഞു വിട്ട ശേഷം വിഴിഞ്ഞത്തെ വള്ളക്കാരെയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉപയോഗിച്ചത്.

ഒരേ ജോലിക്ക് രണ്ട് തരം കൂലി കൊടുത്തുവെന്നാണ് ജില്ലര്‍ പരാതിപ്പെട്ടത്. ഇദ്ദേഹം തങ്ങള്‍ക്കുണ്ടായ ധനനഷ്ടം നികത്തണം എന്നും ആവശ്യപ്പെടുകയുണ്ടായി. വിജിലന്‍സില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് കാണിച്ചു ഫിഷറീസ് മന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണം ഉണ്ടായത്. ഇതോടെയാണ് ഫിഷറീസ് ഡയറക്ടര്‍ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്.


 



ഇതുപ്രകാരം നല്‍കിയ റിപ്പോര്‍ട്ടില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉന്നത ഉദ്യോഗസ്ഥനെതിരെയും കോസ്റ്റല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ് ഗുരുതര ആരോപണമുയര്‍ന്നിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.പി അന്വേഷണമാരംഭിച്ചു.

2023 ഒക്ടോബര്‍ 11മുതല്‍ 15 വരെയാണ് വള്ളങ്ങള്‍ വാടകയ്‌ക്കെടുത്തത്. വിഴിഞ്ഞത്തു നിന്ന് 10ഉം മുതലപ്പൊഴിയില്‍ നിന്ന് 10 വള്ളങ്ങള്‍ക്കും കൂടി 16,80,000 രൂപ വാടകയായി അദാനി തുറമുഖ കമ്പനിയില്‍ നിന്നും കോസ്റ്റല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ച് പണമായി കൈപ്പറ്റിയെന്ന് രേഖകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. മുതലപ്പൊഴിയിലെ വള്ളക്കാര്‍ക്ക് ദിവസവും 10000 രൂപ നിരക്കില്‍ 5 ദിവസത്തേക്ക് 50000 രൂപ വിതരണം ചെയ്തതായും വിഴിഞ്ഞത്തു നിന്ന് വാടകയ്‌ക്കെടുത്ത 10 വള്ളക്കാരില്‍ പലര്‍ക്കും ഒരു ദിവസം 6,500 മുതല്‍ 8000 രൂപ വരെ മാത്രമാണ് നല്‍കിയതെന്നും തുക രേഖപ്പെടുത്താതെ വൗച്ചറുകളില്‍ വിരലടയാളവും ഒപ്പും രേഖപ്പെടുത്തി കുറഞ്ഞ തുക വിതരണം ചെയ്തതായും ഇതുസംബന്ധിച്ച് തുടരന്വേഷണം വേണമെന്നുമാണ് റിപ്പോര്‍ട്ട്.

കൂടാതെ ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥന്‍ വണ്ടിത്തടത്തെ കടയില്‍ നിന്നും പണം മോഷ്ടിച്ചതു സംബന്ധിച്ച് തിരുവല്ലം പൊലീസില്‍ പരാതിയുള്ളതായും ഇയാളുടെ കീഴില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും ഇയാളെ ഭയന്ന് പലരും പുറത്തുപറയാന്‍ മടിക്കുന്നതായും ഫിഷറീസ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News