മണിക്കൂറോളം ഫോണില്‍ സംസാരം; നഗ്നചിത്രങ്ങള്‍ പരസ്പരം കൈമാറി; ബന്ധുവുമായുള്ള രഹസ്യബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ കൊല്ലാന്‍ തീരുമാനം; കൊന്നത് കട്ടിള തലയിലിട്ട് കൊലപ്പെടുത്തി; കേസില്‍ ഭാര്യയും ബന്ധുവും പിടിയില്‍

Update: 2025-05-20 10:44 GMT

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ജില്ലയിലെ ലക്ഷ്മണ്‍ഖേദ ഗ്രാമത്തില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റീനയും ബന്ധുവായ സതീഷും പോലീസ് പിടിയില്‍. മെയ് 10ന് നടന്ന കൊലപാതകത്തെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. റീനയുടെ ഭര്‍ത്താവ് ധര്‍മേന്ദ്ര പാസിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് പോലീസ് പറയുന്നത്.

ധര്‍മേന്ദ്രയെ വീടിന് പുറത്താണ് അന്നേദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യം ബന്ധുക്കളിലുണ്ടായ തര്‍ക്കം കാരണമാകാമെന്നാണ് പോലീസ് കരുതിയത്. റീനയുടെ മൊഴി അടിസ്ഥാനമാക്കിയാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ കൃത്യത്തിനായി കസ്റ്റഡിയിലെടുത്ത രണ്ട് പേര്‍ക്കും പങ്ക് ഇല്ലെന്നു വ്യക്തമായതോടെ അന്വേഷണം മറ്റൊരുദിശയില്‍ നീങ്ങി.

വീട്ടിനകത്തും കുളിമുറിയിലും കണ്ടെത്തിയ രക്തക്കറയാണ്, ഗൂഢാലോചന തെളിയിച്ചത്. വീടിനകത്താണ് കൊലപാതകം നടന്നതെന്നും, പിന്നീട് മൃതദേഹം പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതാണെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറയും സംഭവസമയത്തെ ഫോണ്‍വിളി വിവരങ്ങളും പോലീസ് കൃത്യമായ തെളിവായി സ്വീകരിച്ചു.

റീനയും സതീഷും തമ്മിലുള്ള ദൈനംദിന ഫോണ്‍ സംഭാഷണങ്ങളും പരസ്പരം കൈമാറിയ നഗ്‌നചിത്രങ്ങളും അന്വേഷണത്തില്‍ വെളിവായതോടെ റീനയെ വീണ്ടും ചോദ്യംചെയ്തു. പിന്നീട് സതീഷുമായുള്ള ബന്ധം സമ്മതിച്ച റീന, ഭര്‍ത്താവ് ഈ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് മൊഴി നല്‍കി.

മെയ് 10ന് രാത്രി ഭര്‍ത്താവിന് റീന ഉറക്കഗുളിക നല്‍കിയിരുന്നു. പിന്നീട് മയങ്ങി പോയ ധര്‍മേന്ദ്രയുടെ തലയ്ക്ക് വീട്ടിലുണ്ടായിരുന്ന കട്ടിള ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വീട്ടിനകത്ത് കൃത്യം നടത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം പുറത്തേക്ക് കൊണ്ടുപോയി. സംഭവ സമയം ധര്‍മേന്ദ്രയുടെ 70-കാരിയായ അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കൊലപാതകത്തിനുശേഷം വീട്ടിനകത്തുള്ള രക്തക്കറ വൃത്തിയാക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, രണ്ട് പ്രതികള്‍ക്കും എതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയതായും പോലീസ് അറിയിച്ചു.

Tags:    

Similar News