കൂട്ടുകാരന്റെ മൃതദേഹവുമായി ആംബുലൻസിൽ യാത്ര; ചായ കുടിക്കാൻ നിർത്തിയത് വിനയായി; വാഹനത്തിൽ ഒഴിക്കുന്ന ബാറ്ററി വെള്ളം മദ്യത്തിൽ കലർത്തി കുടിച്ചു; യുവാവിന് ദാരുണാന്ത്യം; കൂടെയുള്ള ഒരാളുടെ നില അതീവഗുരുതരം; സംഭവം ഇടുക്കിയിൽ.!
ഇടുക്കി: അബദ്ധങ്ങൾ കൊണ്ട് ജീവൻ നഷ്ട്ടപ്പെടുന്നവർ ധാരാളമായി ഉണ്ട്. അങ്ങനെ ഒരു സംഭവമാണ് ഇടുക്കിയിൽ നടന്നിരിക്കുന്നത്. ആംബുലൻസിൻ്റെ ബാറ്ററിയിൽ കലർത്താൻ ഉപയോഗിക്കുന്ന വെള്ളം മദ്യത്തിലൊഴിച്ച് കുടിച്ച യുവാവിന് ദാരുണാന്ത്യം.
വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിനാണ് മരിച്ചത്. 40 വയസായിരുന്നു. ഒപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. സുഹൃത്തിന്റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ കുമളിയിൽ വച്ചാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
വണ്ടിപ്പെരിയാറിൽ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. പ്രതാപിന്റെ മൃതദേഹവുമായി കൂട്ടുകാരായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലൻസിൽ നാട്ടിലേക്ക് യാത്ര തിരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ കുമളിയിൽ ഒടുവിൽ എത്തി. ഈ സമയത്ത് ആംബുലൻസ് ചായ കുടിക്കാനായി നിർത്തി.
ഈ സമയത്ത് ജോബിനും പ്രഭുവും തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലൻസിന്റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് കലർത്തി ഇവർ കുടിക്കുകയായിരിന്നു. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പക്ഷെ ഇവിടെ വച്ച് ജോബിൻ മരിച്ചു. പ്രഭുവിനെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. നില അതീവ ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.