ചെങ്ങന്നൂരിൽ ശിലാനാഗവിളക്ക് ഇളക്കിയെടുത്ത് പെരുങ്കുളം ചാലിൽ ഉപേക്ഷിച്ച സംഭവം; മുൻ നഗരസഭാ ചെയർമാൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ; ശിലാനാഗവിളക്ക് രഹസ്യമായി നീക്കം ചെയ്തത് പുരയിടത്തിലേക്കുള്ള വഴി സൗകര്യം കൂട്ടുന്നതിനായി
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ വണ്ടിമല ദേവസ്ഥാനം കവാടത്തോട് ചേർന്നുണ്ടായിരുന്ന ശിലാനാഗവിളക്ക് ഇളക്കിയെടുത്ത് പെരുങ്കുളം ചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായത് നഗരസഭാ മുൻ ചെയർമാൻ ഉൾപ്പെടെ മൂന്നുപേർ. വീട്ടിലേക്കുള്ള വഴിയുടെ വീതി കൂട്ടുന്നതിന് വേണ്ടിയായിരുന്നു ശിലാനാഗവിളക്ക് നീക്കം ചെയ്തത്. വെള്ളിയാഴ്ച രാതെയിയാണ് സംഭവമുണ്ടായത്.
കേസിൽ ചെങ്ങന്നൂർ നഗരസഭാ മുൻ ചെയർമാനും നിലവിലെ കൗൺസിലറും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാനുമായ ചെങ്ങന്നൂർ തിട്ടമേൽ കണ്ണാട്ട് വീട്ടിൽ രാജൻ കണ്ണാട്ട് എന്നുവിളിക്കുന്ന തോമസ് വർഗീസ് (66), തിട്ടമേൽ കൊച്ചുകുന്നുംപുറത്ത് രാജേഷ് എന്നു വിളിക്കുന്ന ശെൽവൻ (54), പാണ്ടനാട് കീഴ്വന്മഴി കളക്കണ്ടത്തിൽ കുഞ്ഞുമോൻ (49) എന്നിവരാണ് അറസ്റ്റിലായത്.
സംഭവം നടന്ന വെള്ളിയാഴ്ച രാത്രി പ്രതികൾ രഹസ്യമായി നീക്കം ചെയ്യുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ റോഡിലെ പുരയിടത്തിലേക്കുള്ള വഴി സൗകര്യം കൂട്ടുന്നതിനായാണ് സംഘം ശിലാനാഗവിളക്ക് മറവ് ചെയ്യാൻ ശ്രമിച്ചത്. രാജൻ കണ്ണാട്ടിന്റെ നിർദ്ദേശമനുസരിച്ചാണ് ശെൽവനും കുഞ്ഞുമോനും ഇതുചെയ്തത്.
സംഭവത്തെ തുടർന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശേഷം ജില്ലാ പോലീസ് മേധാവി എം പി മോഹന ചന്ദ്രന്റെ നിർദേശപ്രകാരം രാത്രി തന്നെ പ്രതികളെയും നാഗവിളക്കും പോലീസ് കണ്ടെതുകയായിരുന്നു.
തുടർന്ന് രാത്രി തന്നെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാഗവിളക്ക് ക്ഷേത്ര ഭരണ സമിതിക്കു വിട്ടുകൊടുത്തു. ശനിയാഴ്ച പുലർച്ചെയോടെ യഥാസ്ഥാനത്ത് പുനസ്ഥാപിക്കുകയുംചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡുചെയ്തു.
പ്രതികൾക്കെതിരേ മതസ്പർധയുണ്ടാകത്തക്ക വിധം ആരാധനാലയങ്ങൾക്കു നേരേയുള്ള കൈയേറ്റങ്ങൾ തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 298 വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വണ്ടിമല ദേവസ്ഥാനം ഭരണസമിതിയുടെ നേതൃത്വത്തിൽ വൈകിട്ട് പ്രതിഷേധ യോഗം നടത്തി.