വിലാസം തെറ്റി മറ്റൊരിടത്ത് പോയി; ബെംഗളൂരുവില്‍ മലയാളി യുവാവിനെ ആക്രമിച്ച് ഡെലിവറി ഏജന്റ്: മൂക്കിടിച്ച് തകര്‍ത്തതായി പരാതി
ബെംഗളൂരുവില്‍ മലയാളി യുവാവിനെ ആക്രമിച്ച് ഡെലിവറി ഏജന്റ്
ബെംഗളൂരു: കോറമംഗലയില്‍ മലയാളി യുവാവിന് നേരെ ഡെലിവറി ഏജന്റിന്റെ ആക്രമണം. ഓണ്‍ലൈന്‍ ഡെലിവറി ആപ്പില്‍ ഓര്‍ഡര്‍ നല്‍കിയ മലയാളിയെ ആണ് ഡെലിവറി ഏജന്റ് ക്രൂരമായി ആക്രമച്ചത്. മേല്‍വിലാസത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ തന്റെ മൂക്കിടിച്ച് തകര്‍ത്തതായി കാണിച്ച് മലയാളിയായ പോള്‍ ജെ.വിതയത്തില്‍ പൊലീസില്‍ പരാതി നല്‍കി. ഡെലിവറി ഏജന്റിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കോറമംഗല എട്ടാം ബ്ലോക്കില്‍ താമസിക്കുന്ന പോള്‍ ജെ.വിതയത്തില്‍ ബ്ലിങ്കിറ്റ് ആപ്പ് വഴി വീട്ടു സാധനംങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് ഓര്‍ഡര്‍ ഡെലിവറി ചെയ്യാനായി എത്തിയ വ്യക്തിക്ക് വിലാസം തെറ്റി മറ്റൊരിടത്ത് പോയ ശേഷമാണ് പോളിന്റെ വിലാസത്തിലെത്തിയത്. വിലാസം തെറ്റിയതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മിലുണ്ടായ സംസാരം വാക്കുതര്‍ത്തിലേക്ക് നീങ്ങി. പൊടുന്നനെ ഡെലിവറി ഏജന്റ് ക്രൂരമായി ആക്രമിച്ചുവെന്നാണ് പോള്‍ പൊലീസിനോട് പറഞ്ഞത്.
ചികിത്സ തേടി ആശുപത്രിയിലെത്തിയ പോള്‍, എക്‌സറേ എടുത്തപ്പോഴാണ് മൂക്കിന്റെ പാലത്തില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്നാണ് പോള്‍ ജെ.വിതയത്തില്‍ കോറമംഗല പൊലീസില്‍ പരാതി നല്‍കിയത്. ആദ്യം മെഡിക്കോ ലീഗല്‍ കേസായാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും പിന്നീട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോളിനെ ആക്രമിച്ച യുവാവിനെ കണ്ടെത്താന്‍ കോറമംഗല പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആപ്പായ ബ്ലിങ്കിറ്റില്‍ നിന്ന് യുവാവിന്റെ വിശദാംശങ്ങള്‍ തേടിയതായി പൊലീസ് വ്യക്തമാക്കി. ഇരുപത്തിയേഴുകാരനായ പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.