എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി; ജലരാജാക്കൻമാരായി കാരിച്ചാൽ ചുണ്ടൻ; കപ്പടിച്ചത് ഫോട്ടോഫിനിഷിൽ; തുടർച്ചയായി അഞ്ചാം തവണ കപ്പടിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി ജേതാക്കാളായി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ. ഫൈനലിൽ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ വള്ളങ്ങളെ പരാജയപ്പെടുത്തിയാണ് കാരിച്ചാലിന്റെ ചരിത്ര വിജയം. ഇതോടെ തുടർച്ചയായി അഞ്ചാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് നെഹ്റു ട്രോഫി നേടുന്നത്.
ഹീറ്റ്സ് മത്സരങ്ങളിൽ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ മികച്ച സമയത്തോടെയാണ് ഹീറ്റ്സിൽ പിബിസി ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു കാരിച്ചാൽ ചുണ്ടൻ ഫിനിഷ് ചെയ്തത്.
അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 19ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്. ഹീറ്റ്സ് മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്ത നാലു ടീമുകളാണ് ഫൈനലിലേക്ക് കടന്നത്. കാരിച്ചാൽ (4:14:35),വിയപുരം (4:22:58), നിരണം (4:23:00),നടുഭാഗം (4:23:31) എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്.
ഹീറ്റ്സ് ഒന്നിൽ പായിപ്പാടൻ, ആലപ്പാടൻ, ആയാപ്പറമ്പ്, ആനാരി എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്. രണ്ടാം ഹീറ്റ്സിൽ ശ്രീവിനായകൻ, ചമ്പക്കുളം, സെന്‍റ് ജോര്‍ജ്, ജവഹര്‍ തായങ്കരി എന്നീ ചുണ്ടൻ വള്ളങ്ങളും മത്സരിച്ചു.
ഹീറ്റ്സ് മൂന്നിൽ ചെറുതന, തലവടി, സെന്‍റ് പയസ് ടെന്‍ത്, പായിപ്പാടൻ ചുണ്ടനുകളും ഹീറ്റ്സ് നാലിൽ നിരണം, വിയപുരം, നടുഭാഗം, കരുവാറ്റ ചുണ്ടനുകളും ഹീറ്റ്സ് അഞ്ചിൽ വലിയ ദിവാൻജി, മേല്‍പ്പാടം, കാരിച്ചാല്‍ ചുണ്ടനുകളും മത്സരിച്ചു.
രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും, മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും ആയിരുന്നു ജേതാക്കളായത്. നാലാം ഹീറ്റ്സിൽ വിബിസി കൈനകരിയുടെ വിയപുരം ചുണ്ടനും, ഹീറ്റ്സ് അഞ്ചിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി.
അതേസമയം ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടൻ വിജയി ആയി. രണ്ടാം ലൂസേഴ്സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനു 6 മില്ലി സെക്കൻഡ് വ്യത്യാസത്തിലാണു കപ്പ് നഷ്ടമായത്.