അക്ഷരം പഠിക്കാത്തതിൻ്റെ പേരിൽ നാലര വയസുകാരനെ നുള്ളി പരിക്കേൽപ്പിച്ചു; അങ്കണവാടി വർക്കർക്കെതിരെ മാതാപിതാക്കൾ രംഗത്ത്; വിശദീകരണം തേടുമെന്ന് അധികൃതർ

Update: 2025-09-13 09:26 GMT

അഞ്ചൽ: കൊല്ലം ഏരൂരിൽ അക്ഷരം പഠിക്കാത്തതിൻ്റെ പേരിൽ നാലര വയസുകാരനെ അങ്കണവാടി വർക്കർ നുള്ളി പരിക്കേൽപ്പിച്ചതായി പരാതി. ഏരൂർ പാണയം 85-ാം നമ്പർ അങ്കണവാടിയിലെ വർക്കറാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാരോപിച്ച് രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

അങ്കണവാടിയിൽ നിന്നെത്തിയ കുട്ടിയെ അമ്മ കുളിപ്പിക്കുമ്പോൾ കരഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ തുടകളിൽ നുള്ളിയതിൻ്റെ പാടുകൾ കണ്ടതിനെ തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് അങ്കണവാടി വർക്കർ കുട്ടിയെ ഉപദ്രവിച്ചതായി വ്യക്തമായത്. മുമ്പും സമാനരീതിയിൽ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

വിഷയം ഗ്രാമപഞ്ചായത്ത് അംഗത്തെ അറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച അങ്കണവാടിയിൽ വെച്ച് ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് ചർച്ച നടത്തി. വർക്കറോട് വിശദീകരണം ചോദിക്കാനും പ്രശ്നം ഒത്തുതീർക്കാനും തീരുമാനമെടുത്തതായി ഗ്രാമപഞ്ചായത്ത് അംഗവും വൈസ് പ്രസിഡൻ്റുമായ വി. രാജി അറിയിച്ചു.

എന്നാൽ, കുട്ടികളെ നിർബന്ധിച്ച് അക്ഷരം പഠിപ്പിക്കണമെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്നും സംഭവത്തിൽ വർക്കറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും ഐ.സി.ഡി.എസ് സൂപ്പർവൈസർ അറിയിച്ചു.

Tags:    

Similar News