കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കോഴിക്കോട്: ദേശീയപാതയിൽ പാലാഴി ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. വാഹനം പൂർണമായും കത്തിനശിച്ചു. വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മേൽപ്പാലത്തിന് മുകളിലായിരുന്നു സംഭവം.
പന്തീരാങ്കാവിൽ നിന്ന് കുന്നമംഗലത്തേക്ക് ഇലക്ട്രോണിക്സ് സാധനങ്ങളുമായി പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. ഓട്ടത്തിനിടെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഇവർ വാഹനത്തിലുണ്ടായിരുന്ന സാധനങ്ങൾ മാറ്റാൻ ശ്രമിക്കുന്നതിനിടെ പുക വലിയ തീഗോളമായി മാറുകയും വാഹനം പൂർണമായും അഗ്നിക്കിരയാവുകയുമായിരുന്നു.
ദേശീയപാതയിലെ മറ്റു യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പന്തീരാങ്കാവിൽ നിന്ന് പോലീസും വെള്ളിമാടക്കുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ യൂണിറ്റുകളും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിൽ തീ പൂർണമായും അണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.