പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് അനൗണ്‍സ്‌മെന്റ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്; സംഭവം കോഴിക്കോട്
By : സ്വന്തം ലേഖകൻ
Update: 2025-09-15 16:48 GMT
കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രചാരണം നടത്തിവരികയായിരുന്ന അനൗൺസ്‌മെന്റ് വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. കോഴിക്കോട് കായക്കൊടി ഉണ്ണിയത്തംകണ്ടി മീത്തലിലാണ് അപകടമുണ്ടായത്.
വാഹനം പിറകോട്ടെടുക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻതന്നെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. വീഴ്ചയുടെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിനും വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം താത്കാലികമായി തടസ്സപ്പെട്ടു.