റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം പാലക്കാട്
By : സ്വന്തം ലേഖകൻ
Update: 2025-09-03 15:49 GMT
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ അടിച്ച 15 പേർക്ക് പരിക്ക് പറ്റി. മംഗലം പാലത്ത് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
തൃശൂർ - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാർ ചേര്‍ന്ന് ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സർവീസ് റോഡിൽ അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ടാണ് ഇടിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാല്‍, ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.