കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം ; മൂന്ന് യാത്രക്കാർക്ക് പരിക്ക്; സംഭവം അമ്പലപ്പുഴയിൽ
അമ്പലപ്പുഴ: ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ച് കയറി മൂന്ന് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
നിർമ്മാണം നടക്കുന്ന അടിപ്പാതയ്ക്ക് സമീപം ദേശീയ പാതയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിലാണ് ബസ് ഇടിച്ചു കയറിയത്. കനത്ത മഴയെ തുടർന്ന് ബ്രേക്ക് ചെയ്യുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ഡ്രൈവർ വിനോദ് അറിയിച്ചു. അപകടസമയത്ത് ബസ്സിൽ 12 യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റ മൂന്ന് യാത്രക്കാരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഇത്തരം ഡിവൈഡറുകൾ പലയിടത്തും അപകടങ്ങൾക്ക് കാരണമാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.