വീടിന്റെ നിര്‍മാണ ജോലികള്‍ക്കിടെ അപകടം; ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; മരിച്ചത് ഝാര്‍ഖണ്ഡ് സ്വദേശി
തിരുവനന്തപുരം: വീടിന്റെ നിര്‍മാണ ജോലികള്‍ നടക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചതായി വിവരങ്ങൾ. ഊരൂട്ടമ്പലത്താണ് സംഭവം നടന്നത്. ഝാര്‍ഖണ്ഡ് സ്വദേശി വിപ്ലബ് മണ്ഡല്‍ (24) ആണ് ദാരുണമായി മരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലമാണ് അപകടം സംഭവിച്ചത് എന്നാണ് ഉയരുന്ന ആരോപണം.
സര്‍വീസ് ലൈന്‍ മുറിക്കുന്ന ഘട്ടത്തിലൊന്നും മുഴുവന്‍ സപ്ലൈ കെടുത്താനായി കെഎസ്ഇബി ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് പ്രാഥമികമായി മനസിലാക്കാന്‍ സാധിക്കുന്നത്. അപകടം ഉണ്ടായശേഷം മാത്രമാണ് മുഴുവന്‍ സപ്ലൈയും കട്ട് ചെയ്യാനുള്ള തീരുമാനത്തിലേക്ക് കെഎസ്ഇബി ജീവനക്കാര്‍ എത്തിയതെന്ന് പണി നടന്നുകൊണ്ടിരുന്ന വീടിന്റെ ഉടമസ്ഥര്‍ വ്യക്തമാക്കുന്നു.
പണി നടക്കുന്ന ഘട്ടത്തില്‍ സര്‍വീസ് ലൈന്‍ മുറിക്കാനായി കെഎസ്ഇബി ജീവനക്കാര്‍ ഇവിടേക്ക് എത്തിയിരുന്നതായും സ്ഥലത്ത് പുതിയ പോസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും പ്രദേശവാസികൾ പറയുന്നു.