സ്വന്തമായി കൃഷിയിടമുള്ളവര്‍ക്ക് ചെലവ് വരുന്ന തുകയുടെ 55 ശതമാനം ധനസഹായം; സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ക്ക് സബ്‌സിഡി

Update: 2025-09-11 13:56 GMT

തിരുവനന്തപുരം: കൃഷിയിടങ്ങളില്‍ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ (ഡ്രിപ്പ്, സ്പ്രിംഗ്ളര്‍) സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ സംയുക്ത ആഭിമുഖ്യത്തില്‍ നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ഉയര്‍ന്ന ഉല്‍പാദനം ഉറപ്പുവരുത്തുക, ജലത്തിന്റെ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ആര്‍ കെ വി വൈ - പി ഡി എം സി സുക്ഷ്മ ജലസേചനം (പി ഡി എം സി മൈക്രോ ഇറിഗേഷന്‍) പദ്ധതിയ്ക്കാണ് സബ്‌സിഡി.

സ്വന്തമായി കൃഷിയിടമുള്ള കര്‍ഷകര്‍ക്ക് ഈ പദ്ധതി പ്രകാരം ചെലവ് വരുന്ന തുകയുടെ 55 ശതമാനം തുക പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. കേര കര്‍ഷകര്‍ക്ക് പി ഡി എം സി പദ്ധതി പ്രകാരം അനുവദിച്ച ആനുകൂല്യത്തിനുപരിയായി കേരസമൃദ്ധി പദ്ധതി പ്രകാരം 30 ശതമാനം പ്രത്യേക ധനസഹായം ലഭിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ജലസ്രോതസ്സുകളുടെ വികസനം, പമ്പിംഗ് ആവശ്യങ്ങള്‍ എന്നിവയ്ക്ക് കൂടി സൂക്ഷ്മ ജലസേചന സംവിധാനത്തോടൊപ്പം സഹായം നല്‍കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പ് ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭ്യമാണ്. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ആധാര്‍, ബാങ്ക് പാസ് ബുക്ക്, ഈ വര്‍ഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രം) എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയര്‍ - 9383470065, കോഴിക്കോട് - 9383471797, ആലപ്പുഴ - 9383470693, തിരുവനന്തപുരം - 9383472010, കൊല്ലം - 9383470241, പത്തനംതിട്ട - 9383470518, ആലപ്പുഴ - 9383470694, കോട്ടയം - 9447344143, എറണാകുളം - 9383471479, തൃശൂര്‍ - 9383471422, പാലക്കാട് - 9383471479, ഇടുക്കി - 8921668079, മലപ്പുറം - 9383471643, കോഴിക്കോട് - 9446429642, വയനാട് - 9383471924, കണ്ണൂര്‍ - 9383472050, കാസര്‍ഗോഡ് - 9495082339.

Similar News