കൊല്ലം ദേശീയപാതയിൽ ജീവനെടുത്ത് അപകടം; ലോഡുമായി പോയ ടോറസ് ലോറിയും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
കൊല്ലം: പുനലൂർ പ്ലാച്ചേരിയിൽ ദേശീയപാതയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ലോഡ് കയറ്റിയ ടോറസ് ലോറിയും സ്കൂട്ടറും തമ്മിലുണ്ടായ കൂട്ടിയിടിയിൽ സ്കൂട്ടർ യാത്രികനായ യുവാവ് ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരണപ്പെട്ടു.
അപകടത്തെ തുടർന്ന് സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻഭാഗത്തെ ചക്രങ്ങൾ കയറിയിറങ്ങിയാണ് മരണം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സംഭവം ദേശീയപാതയിലെ ഗതാഗതത്തിന് താൽക്കാലികമായി തടസ്സമുണ്ടാക്കി. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.