കേസിൽ ജാമ്യമെടുക്കാൻ പണം നൽകണമെന്ന് ആവശ്യം; തരില്ലെന്ന് പറഞ്ഞതിൽ പ്രകോപനം; സ്വന്തം അപ്പനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
ആലപ്പുഴ: സ്വന്തം പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ മകന് അറസ്റ്റിൽ. തെക്കേക്കര ചൂരല്ലൂർ സ്വദേശി തടത്തിൽ തെക്കതിൽ ശ്രീധരനെ തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകന് ശ്രീലാൽ (27) ആണ് പിടിയിലായത്. നൂറനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു മോഷണക്കേസിൽ ശ്രീലാൽ ഉൾപ്പെടുകയും ഈ കേസിൽ ജാമ്യം എടുക്കുന്നതിന് കോടതിയിൽ നിന്ന് ശ്രീലാലിന് നോട്ടീസ് ലഭിക്കുകയും ചെയ്തിരുന്നു.
ജാമ്യം ലഭിക്കുന്നതിന് ജാമ്യക്കാരായി ചെല്ലണമെന്നും വക്കീൽ ഫീസിനുള്ള പൈസ നൽകമെന്നും ആവശ്യപ്പെട്ട് കുറച്ച് ദിവസങ്ങളായി ശ്രീലാൽ മാതാപിതാക്കളായ ശ്രീധരനോടും ശാന്തമ്മയോടും വഴക്കിട്ടിരിന്നു.
തുടർന്ന് 23ന് രാവിലെ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് വന്ന അമ്മ ശാന്തമ്മയോട് ശ്രീലാൽ ഈ ആവശ്യം ഉന്നയിച്ചു. ശാന്തമ്മ പറ്റില്ലെന്ന് പറഞ്ഞതിനെ തുടര്ന്ന് പ്രതി ശാന്തമ്മയെ ഉപദ്രവിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയ ശ്രീധരന്റെ തലയ്ക്ക് അടിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇരുവരുടേയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്.