കഴുത്തിലെ തിളക്കം ശ്രദ്ധിച്ചു നിന്നു; പിടിച്ചുപറിക്കുന്നതിനിടെ ഒരൊറ്റ തള്ള്; വയോധികയുടെ പരാതിയിൽ സിസിടിവി പരിശോധിച്ചതും കള്ളൻ കുടുങ്ങി; സംഭവം മുഹമ്മയിൽ

Update: 2025-08-17 14:29 GMT

മുഹമ്മ: മുട്ടത്തിപറമ്പ് സ്വദേശിനിയായ 67-കാരിയുടെ മാല കഴുത്തിൽ നിന്ന് പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവാവിനെ മുഹമ്മ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. തണ്ണീർമുക്കം കണ്ണങ്കര സ്വദേശി അരുൺ ബാബു (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.

മുട്ടത്തിപറമ്പ് ഭാവന ഗാർഡൻസിന് തെക്ക് വശത്തുള്ള റോഡിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന തങ്കമ്മയുടെ (67) പിന്നാലെ സ്കൂട്ടറിൽ എത്തിയ അരുൺ ബാബു, അവരുടെ കഴുത്തിൽ കിടന്ന മാല ബലമായി പിടിച്ചുപറിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, പ്രതിയെ തങ്കമ്മ പ്രതിരോധിക്കുകയും തള്ളിയിടുകയും ചെയ്തതോടെ അയാൾക്ക് ബാലൻസ് തെറ്റുകയും ശ്രമം ഉപേക്ഷിച്ച് സ്കൂട്ടറോടിച്ച് കടന്നുകളയുകയുമായിരുന്നു.

തങ്കമ്മയുടെ പരാതിയെത്തുടർന്ന് മുഹമ്മ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയുമായിരുന്നു പോലീസ്. ഇതിലൂടെയാണ് അരുൺ ബാബുവാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തുകയും മണിക്കൂറുകൾക്കുള്ളിൽ ഇയാളെ പിടികൂടുകയും ചെയ്തത്. പ്രതി ഉപയോഗിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News