'എന്താ മോനെ...അസുഖം'; ഡോക്ടർ വേഷം കെട്ടി വിവിധയിടങ്ങളിൽ ചികിത്സ നടത്തി; ഒടുവിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ വ്യാജനെ പോലീസ് കൈയ്യോടെ പൊക്കി

Update: 2025-08-21 11:07 GMT

തിരുവനന്തപുരം: വ്യാജ ഡോക്ടറെന്ന പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സ നടത്തി, വിവിധ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയയാൾ അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി സജിത്താണ് പിടിയിലായത്. വഞ്ചിയൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2016-ൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ കേസിലാണ് നിലവിലെ അറസ്റ്റ്. മലപ്പുറം ജില്ലയിലെ താനൂർ പോലീസ് സ്റ്റേഷനിൽ 2010-ലും കോട്ടയം ജില്ലയിലെ കുമരകം സ്റ്റേഷനിൽ 2016-ലും രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതിനും സജിത്തിനെതിരെ വാറണ്ട് നിലവിലുണ്ട്.

പൂച്ചാക്കൽ പോലീസ് സ്റ്റേഷനിലെ സിപിഒ സുബിമോനാണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വ്യാജ ഡോക്ടർമാർക്കെതിരെയുള്ള പോലീസ് നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അറസ്റ്റ്.

Tags:    

Similar News