രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; പുകയില ഉൽപന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ; കാറും കസ്റ്റഡിയിലെടുത്തു
വെഞ്ഞാറമൂട്: അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കൊല്ലം സ്വദേശിയായ ഒരാൾ വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായി. കൊല്ലം കടയ്ക്കൽ പാറവിള പുത്തൻവീട്ടിൽ റാഫി (49) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
വെഞ്ഞാറമൂട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആസാദ് അബ്ദുൽ കലാം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, വെഞ്ഞാറമൂട്-പുത്തൻപാറം റോഡിൽ മാണിക്യൽ പള്ളിക്ക് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കാറിലാണ് പ്രതി പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ചത്. പോലീസ് സംഘം വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ വൻതോതിലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു.
പിടിയിലായ റാഫിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവ എവിടെ നിന്ന് എത്തിച്ചു, എങ്ങോട്ടാണ് കൊണ്ടുപോയിരുന്നത്, ഇതിന് പിന്നിൽ മറ്റാരാരെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.