കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം; തലയിൽ മുറിവ്, പൊക്കിൾക്കൊടി പോലും മുറിക്കാത്ത നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്; പോസ്റ്റ്‌മോർട്ടം നാളെ
കൊച്ചി: കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൂർണ്ണവളർച്ചയെത്താത്ത പെൺകുഞ്ഞിന്റെ മൃതശരീരമാണ് കായലിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയത്. വേലിയേറ്റത്തെത്തുടർന്ന് കരയ്ക്കടുത്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത അവസ്ഥയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഏകദേശം 24 മണിക്കൂറിലേറെ പഴക്കമുണ്ടെന്നാണ് വിവരം. കുഞ്ഞിന്റെ തലയിൽ മുറിവുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇത് കായലിലെ കല്ലുകളിലോ മറ്റോ തട്ടി ഉണ്ടായതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോർട്ടം പൂർത്തിയാകുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ആശുപത്രി റെക്കോർഡുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.