വോട്ടെടുപ്പും വിവാഹവും നടക്കുന്നത് ഒരേ കോംപൗണ്ടില്‍; രണ്ടിനും എത്തേണ്ടതും ഒരേ കവാടത്തിലൂടെ: കര്‍ശന സുരക്ഷയൊരുക്കാന്‍ നിര്‍ദേശം

വോട്ടെടുപ്പും വിവാഹവും ഒരേ കോംപൗണ്ടില്‍

Update: 2026-04-07 02:10 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും വിവാഹവും ഒരേ കോംപൗണ്ടില്‍. നെയ്യാറ്റിന്‍കര തൊഴുക്കല്‍ എല്‍എംഎസ് എല്‍പി സ്‌കൂളും ചേര്‍ന്നുള്ള സിഎസ്‌ഐ പള്ളിയുമാണ് വോട്ടെടുപ്പിനും വിവാഹത്തിനും ഒരേ ദിവസം വേദിയാകുന്നത്. വിവാഹ ചടങ്ങിനും വോട്ടെടുപ്പിനും ആളുകള്‍ എത്തേണ്ടതു ഒരു കവാടത്തിലൂടെയാണ്. ഇതോടെ പ്രദേശത്ത് കര്‍ശന സുരക്ഷയൊരുക്കാന്‍ പോലിസിനോട് നിര്‍ദേശിച്ചിരിക്കുയാണ്.

ഊരൂട്ടമ്പലം കോട്ടമുകള്‍ സ്വദേശി രാഹുലും പെരുമ്പഴുതൂര്‍ മാങ്കുളത്തു താഴേപുത്തന്‍ വീട്ടില്‍ പ്രവീണയും തമ്മിലുള്ള വിവാഹമാണ് ഇന്നേ ദിവസം പള്ളിയില്‍ നടക്കാനിരിക്കുന്നത്. വിവാഹത്തിനായി മൂന്ന് മാസം മുന്‍പേ ഇവര്‍ പള്ളിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹത്തിന്റെ മറ്റു ചടങ്ങുകള്‍ക്ക് തൊഴുക്കല്‍ ടി.ജെ.ഓഡിറ്റോറിയമാണ് ബുക്ക് ചെയ്തത്. ഇതോടെ തൊഴുക്കല്‍ പള്ളിയില്‍ മിന്നുകെട്ടും തീരുമാനിച്ചു. ഒന്‍പതിന് രാവിലെ 10നു വിവാഹച്ചടങ്ങുകള്‍ ആരംഭിക്കും. ഒരു മണിക്കൂറിനുള്ളില്‍ വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാകും. രാവിലെ 7ന് വോട്ടെടുപ്പും തുടങ്ങും.

ബൂത്ത് പ്രവര്‍ത്തിക്കേണ്ട സ്‌കൂളിനോട് ചേര്‍ന്നുള്ള പള്ളിയില്‍ വിവാഹച്ചടങ്ങുണ്ടെന്ന് പ്രഥമാധ്യാപിക എല്‍.എസ്.അനിതഷീല ഉദ്യോഗസ്ഥരെ അറിയിച്ചു. പള്ളിക്കും സ്‌കൂളിനും കൂടി ഒരു കവാടം മാത്രമേയുള്ളൂവെന്നും അവര്‍ ബോധ്യപ്പെടുത്തി. തുടര്‍ന്നു പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ കര്‍ശന സുരക്ഷ ഒരുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ മൂന്ന് ബൂത്തുകളാണ് സ്‌കൂളിലുള്ളത്. വരന്‍ രാഹുലിന് മണ്ണടിക്കോണം സ്‌കൂളിലും വധു പ്രവീണയ്ക്കു പെരുമ്പഴുതൂര്‍ സ്‌കൂളിലുമാണ് വോട്ട്.

Tags:    

Similar News