നിയമസഭാ തിരഞ്ഞടുപ്പ് പിന്തുണ: വാര്‍ത്ത വ്യാജമെന്ന് പെന്തകോസ്ത് ലീഡേഴ്‌സ് കൗണ്‍സില്‍
നിയമസഭാ തിരഞ്ഞടുപ്പ് പിന്തുണ: വാര്‍ത്ത വ്യാജമെന്ന് പെന്തകോസ്ത് ലീഡേഴ്‌സ് കൗണ്‍സില്‍
തിരുവല്ല : കേരളത്തിലെ പെന്തകോസ്ത് സഭ ഒരു മുന്നണിക്ക് പിന്തുണ നല്‍കിയെന്ന വാര്‍ത്ത വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പെന്തക്കോസ്ത് ലീഡേഴ്‌സ് കൗണ്‍സില്‍ വ്യക്തമാക്കി. കേരളത്തിലെ പെന്തകോസ്ത് നേതൃത്വത്തോട് ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി, രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ഒരു സംഘടന സഭയുടെ പൊതു നിലപാട് പ്രഖ്യാപിച്ചതില്‍ സഭാ നേതൃത്വം അമര്‍ഷം രേഖപ്പെടുത്തി.
നൂറ് വര്‍ഷം പിന്നിട്ട കേരളത്തിലെ പെന്തകോസ്ത് സഭകള്‍ നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയോ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ഒരു സംഘടന നടത്തിയ പ്രസ്താവന സഭാ നേതൃത്വത്തിന്റെ അറിവോടെ അല്ല. ഇത്തരം പ്രസ്താവന നടത്താന്‍ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം സംഘടനകളുമായി സഭാ നേതൃത്വത്തിന് യാതൊരു ബന്ധവും ഇല്ല.
മുഖ്യമന്ത്രിയെ കണ്ട് പിന്തുണ അറിയിച്ചെന്ന് അവകാശപ്പെടുന്ന സംഘടനയുടെ ആധികാരികതയില്‍ നേതൃത്വം സംശയം പ്രകടിപ്പിച്ചു. ക്രൈസ്തവ ധാര എന്ന പ്രസിദ്ധീകരത്തില്‍ സഭാനേതാക്കന്മാരുടെ ഫോട്ടോയും പ്രസ്താവനയും അവരുടെ അനുവാദമില്ലാതെ ഉപയോഗിക്കുന്നതില്‍ സഭാ നേതൃത്വം ആശങ്ക രേഖപ്പെടുത്തി.
സഭാംഗങ്ങള്‍ സമ്മതിദാനാവകാശം പ്രാര്‍ത്ഥനാപൂര്‍വ്വം വിനിയോഗിക്കണമെന്ന് പെന്തകോസ്ത് ലീഡേഴ്‌സ് കൗണ്‍സില്‍ നേതാക്കളായ പാസ്റ്റര്‍ കെ സി ജോണ്‍, പാസ്റ്റര്‍ ടി ജെ സാമുവേല്‍, പാസ്റ്റര്‍ ഫിലിപ്പ് പി തോമസ്, പാസ്റ്റര്‍ ഒ എം രാജുക്കുട്ടി, പാസ്റ്റര്‍ വൈ റെജി, ഡോ. ഐസക്ക് വി മാത്യു, പാസ്റ്റര്‍ ടി എം കുരുവിള, പാസ്റ്റര്‍ ജോണ്‍സണ്‍ കെ. സാമുവല്‍, പാസ്റ്റര്‍ ജോമോന്‍ ജോസഫ്, പാസ്റ്റര്‍ റോയി ഡാനിയേല്‍ മാത്യു, പാസ്റ്റര്‍ ജെ ജോസഫ് തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.