പരിശോധനയ്ക്കിടെ എക്സൈസിനെ ആക്രമിച്ച ലഹരിക്കടത്തുകാർ കുടുങ്ങി: പിടിയിലായത് 'പൊന്ന്' അജ്മലിന്റെ കൂട്ടാളികൾ; രണ്ട് കാറുകൾ കസ്റ്റഡിയിൽ; മൂന്നുപേർക്കായി തിരച്ചിൽ

Update: 2026-04-06 14:39 GMT

പേരാമ്പ്ര: വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞ ലഹരിക്കടത്തു സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരോത്ത് കുറ്റിക്കണ്ടി യാസിന്‍ ജലീല്‍ (25), ഉള്ള്യേരി മടത്തിക്കുന്നുമ്മല്‍ മുഹമ്മദ് ജവാദ് (31) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മാസം ബംഗളൂരുവിൽ വൻതോതിൽ എംഡിഎംഎയുമായി പിടിയിലായ കുപ്രസിദ്ധ ലഹരിക്കടത്തുകാരൻ 'പൊന്ന്' അജ്മലിന്റെ കോഴിക്കോട് ജില്ലയിലെ പ്രധാന ഏജന്റുമാരാണ് ഇവരെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മാസം 25-ന് ചേനായിക്ക് സമീപം മഞ്ചേരിക്കുന്നിലായിരുന്നു സംഭവം.

പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ കുമാറിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ അഞ്ചംഗ സംഘം ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പ്രതികളിൽ നിന്ന് 3.51 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്.

ഒളിവിലായിരുന്ന പ്രതികളെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, പി.പി. ജയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മൂന്ന് പേരെ കൂടി ഇനി പിടികൂടാനുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Tags:    

Similar News