വര്‍ക്കലയില്‍ മുന്നണികളുടെ ശക്തിപ്രകടനം; കഹാറിനായി താരപ്രചാരകന്‍ അസ്ഹറുദീന്‍; ജോയിക്കും സ്മിതക്കും റോഡ് ഷോ
തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, വര്‍ക്കല നിയോജക മണ്ഡലത്തില്‍ ആവേശം വാനോളമുയര്‍ത്തി മുന്നണികളുടെ ശക്തിപ്രകടനം. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ടും വമ്പന്‍ റോഡ് ഷോകള്‍ സംഘടിപ്പിച്ചും പ്രചാരണ രംഗം കൊഴുപ്പിച്ചു. യു.ഡി.എഫിനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തെലങ്കാന മന്ത്രിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ എത്തിയതോടെ വര്‍ക്കലയില്‍ ആവേശം ഇരട്ടിയായി. വണ്‍കുളം മുതല്‍ ഇടവ വരെ മുന്നൂറോളം ബൈക്കുകളും അമ്പതോളം ഓട്ടോ റിക്ഷകളും നിറഞ്ഞതായിരുന്ന റോഡ് ഷോ കാണാന്‍ രാത്രി ഏറെ വൈകിയും വോട്ടര്‍മാരുടെ കൂട്ടം റോഡുവശങ്ങളില്‍ നിറഞ്ഞു നിന്നു.
സ്ഥാനാര്‍ഥി വര്‍ക്കല കഹാര്‍ അതിരാവിലെ മുതല്‍ ഉച്ചവരെ വെട്ടൂരിലെ മല്‍സ്യബന്ധന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മല്‍സ്യത്തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിച്ചു. വിളബ്ഭാഗം മാര്‍ക്കറ്റ്, ഫിഷര്‍മെന്‍ നഗര്‍ എന്നിവിടങ്ങളിലുമെത്തി വോട്ട് തേടി. തുടര്‍ന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ബിജു ഗോപാലന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കയും ചെയ്തു. വൈകീട്ട് കപ്പാംവിളയിലെത്തി വ്യാപാര സ്ഥാപനങ്ങളും വീടുകളും കയറി വോട്ട് തേടി. സന്ധ്യയോടെ കുടുംബ സംഗമത്തിലും പങ്കെടുത്തു.
അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.ജോയി മണ്ഡലത്തിലെ പ്രധാന കവലകളിലും മറ്റും സന്ദര്‍ശനം നടത്തി വോട്ട് തേടി. വൈകീട്ട് മടവൂരില്‍ പ്രവര്‍ത്തകരുടെ ആവേശത്തിമിര്‍പ്പില്‍ വമ്പന്‍ ബൈക്ക് റാലിയും നടന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി സ്മിത സുന്ദരേശന്‍ നാവായിക്കുളത്തും പറകുന്നിലും ഉച്ചവരെ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. സന്ധ്യക്ക് മടവൂരില്‍ നിന്നും നടന്‍ കൃഷ്ണകുമാര്‍ നയിച്ച റോഡ് ഷോ രാത്രി വര്‍ക്കലയില്‍ സമാപിച്ചു.