പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണം; റേഡിയോ പ്രചാരണങ്ങള്‍ പോലും പാടില്ല; നിശബ്ധ പ്രചാരണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകമായ പരസ്യപ്രചാരണം ഏപ്രില്‍ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയും വോട്ടര്‍മാരുടെ സുരക്ഷയും മുന്‍നിര്‍ത്തി, വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് നിലവില്‍ വരുന്ന കര്‍ശന നിയന്ത്രണങ്ങളാണ് കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത് വോട്ടര്‍മാര്‍ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകള്‍, ഘോഷയാത്രകള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍ അല്ലെങ്കില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ടെലിവിഷന്‍, സിനിമ അല്ലെങ്കില്‍ മറ്റ് സമാന ഉപകരണങ്ങള്‍ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.
റേഡിയോ വഴിയുള്ള പ്രചാരണങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടന്‍ മണ്ഡലം വിട്ടു പോകേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പൊതുജനങ്ങളും ഈ നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.