ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരി തൂങ്ങി മരിച്ച നിലയില്‍; ഉത്സവ കമ്മിറ്റിക്കാര്‍ അപകീര്‍ത്തിപെടുത്തിയെന്ന് ആത്മഹത്യക്കുറിപ്പ്
തിരുവനന്തപുരം: ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണു (39) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി.
ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികളായ രണ്ടു പേര്‍ തന്നെ അപകീര്‍ത്തിപെടുത്തിയ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. ഉത്സവ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് രണ്ട് കമ്മിറ്റി അംഗങ്ങള്‍ നടത്തിയ ഇടപെടലുകളാണ് പ്രശ്നത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.
ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചതില്‍ പുലര്‍ച്ചെ 4.30ന് വിഷ്ണു ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിച്ച ശേഷം വിശ്രമമുറിയിലേക്ക് പോകുന്നതാണ് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പേട്ട പൊലീസ് പറഞ്ഞു. വിഷ്ണുവിന്റെ സംസ്‌കാരം നാളെ രാവിലെ 11ന് നടക്കും. കവിതയാണ് ഭാര്യ. മക്കള്‍ വൈഗ കൃഷ്ണ,വൈഭവി കൃഷ്ണ.