തിരുവനന്തപുരത്ത് ക്ഷേത്ര മേല്‍ശാന്തി തൂങ്ങിമരിച്ച നിലയില്‍; ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ്
തിരുവനന്തപുരത്ത് ക്ഷേത്ര മേല്‍ശാന്തി തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണുവിനെ (39) ക്ഷേത്രത്തിനുള്ളിലെ വിശ്രമമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്സവ കമ്മിറ്റി ഭാരവാഹികളായ രണ്ട് പേര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്തുനിന്ന് പേട്ട പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ 4.30ഓടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിലുള്ള മനോവിഷമത്താലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ വിഷ്ണു രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കമ്മിറ്റി അംഗങ്ങള്‍ നടത്തിയ ഇടപെടലുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പേട്ട പോലീസ് വ്യക്തമാക്കി.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പുലര്‍ച്ചെ 4.30ഓടെ വിഷ്ണു ക്ഷേത്രത്തിലെത്തുകയും പ്രാര്‍ത്ഥിച്ചശേഷം വിശ്രമമുറിയിലേക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിഷ്ണുവിന്റെ ഭാര്യ കവിതയാണ്. വൈഗ കൃഷ്ണ, വൈഭവി കൃഷ്ണ എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ രാവിലെ 11ന് നടക്കും. പൂജാരിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കാനുള്ള വിശദമായ അന്വേഷണം പേട്ട പോലീസ് ആരംഭിച്ചിട്ടുണ്ട്.