ലിഫ്റ്റ് ചോദിച്ച് യുവാവിന്റെ ബൈക്കില്‍ കയറി; പിന്നാലെ അശ്രദ്ധമായി വെട്ടിത്തിരിച്ച ലോറി ഇടിച്ച് യുവതി മരിച്ചു
അശ്രദ്ധമായി വെട്ടിത്തിരിച്ച ലോറി ഇടിച്ച് യുവതി മരിച്ചു
ആലുവ: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ യുവതി ലോറി ഇടിച്ചു മരിച്ചു. ദേശം പുറയാര്‍ ഗാന്ധിപുരം മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദന (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിന്‍ ആന്റണിയെ (22) ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടര്‍ ലോറി പൊടുന്നനെ വലത്തോട്ട് എടുത്തതിനെ തുടര്‍ന്നാണ് അപകടം. അശ്രദ്ധമായി വെട്ടിത്തിരിച്ച ലോറി ബൈക്കിലിടിക്കുക ആയിരുന്നു. ഇന്നലെ രാവിലെ 10.30ന് അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിലായിരുന്നു അപകടം.
ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കു പോകുകയായിരുന്നു ബൈക്ക്. അത്താണി നീരജ എയര്‍ലൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജീവനക്കാരിയാണ് നന്ദന. ലോറി അശ്രദ്ധമായി വെട്ടിച്ചപ്പോള്‍ പിന്നില്‍ നിന്നു വന്ന ബൈക്കില്‍ തട്ടി. നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെ വന്ന കാര്‍ ഇടിച്ചു മറിഞ്ഞു. റോഡില്‍ തലയടിച്ചു വീണതാണ് നന്ദനയുടെ മരണത്തിനിടയാക്കിയത്. സെന്‍ട്രല്‍ ജിഎസ്ടി ഓഫിസ് ജീവനക്കാരന്‍ ഹരിപ്രസാദിന്റെയും ശ്രീമൂലനഗരം പിഎച്ച്‌സിയിലെ നഴ്‌സ് സാന്റിയുടെയും മകളാണ് നന്ദന. സഹോദരി: നിവേദ്യ.