ബാങ്കിന്റെ സ്ട്രോങ് റൂമിൽ നിന്ന് അസാധാരണ ശബ്ദം; സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി ജീവനക്കാർ; ബാങ്ക് ലോക്കറിനുള്ളിലെ 'അതിഥി'യെ പിടികൂടി
പെരിഞ്ഞനം: പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ സംഭവമാണിത്. സ്ട്രോങ് റൂമിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തുകയും തുടർന്ന് വനംവകുപ്പിന്റെ സഹായത്തോടെ പിടികൂടുകയും ചെയ്തത്.
രാവിലെ ബാങ്ക് തുറന്നയുടൻ സ്ട്രോങ് റൂമിനുള്ളിൽ നിന്ന് ചില ശബ്ദങ്ങൾ കേട്ടതോടെ ജീവനക്കാർ ജാഗ്രതയിലായി. സംശയം തോന്നിയ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു മൂർഖൻ പാമ്പ് മുറിക്കുള്ളിലൂടെ ഇഴഞ്ഞു നീങ്ങുന്നത് കണ്ടത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു.
ചാലക്കുടി ഫോറസ്റ്റിലെ ദ്രുതകർമ്മസേന (ആർ.ആർ.ടി) അംഗവും കൂളിമുട്ടം സ്വദേശിയുമായ അൻസാരി സ്ഥലത്തെത്തി. സ്ട്രോങ് റൂമിനുള്ളിൽ അതീവ ജാഗ്രതയോടെ നടത്തിയ നീക്കത്തിലൂടെ അൻസാരി പാമ്പിനെ വിജയകരമായി പിടികൂടി. പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതർക്ക് കൈമാറി. വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.