സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍; ഭാരതാംബയുടെ ചിത്രത്തില്‍ പൂക്കളര്‍പ്പിച്ചു; വിശദീകരണം തേടി പാര്‍ട്ടി ജില്ലാ നേതൃത്വം
കാസര്‍കോട്: സിപിഐ നേതാവ് സുന്ദരി ഷെട്ടി ആര്‍എസ്എസ് വേദിയില്‍. കാസര്‍കോട്ടെ ഹിന്ദു ഏകതാ സമ്മേളനത്തിലാണ് പങ്കെടുത്തത്. മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ് സുന്ദരി ഷെട്ടി. ഹൊസങ്കടിയില്‍ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് പങ്കെടുത്തത്.
കാസര്‍കോട് കേന്ദ്രീകരിച്ച് വിവിധ പഞ്ചായത്തുകളില്‍ ഹിന്ദു ഏകതാ സമ്മേളനം സംഘപരിവാര്‍ നടത്തിവരുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ പ്രചാരണവുമായി രംഗത്തെത്തുകയാണ് ആര്‍എസ്എസ്. ഈ പരിപാടിയിലാണ് സിപിഐ നേതാവ് സുന്ദരി ഷെട്ടി പങ്കെടുത്തത്. ഹൊസങ്കടിയില്‍ വെച്ച് നടന്ന പരിപാടിയിലാണ് പങ്കെടുത്തത്. പരിപാടിയില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കുകയും ഭാരതാംബയുടെ ചിത്രത്തില്‍ പൂക്കളര്‍പ്പിക്കുകയും ചെയ്തു.
അതേസമയം ഈ നടപടിയെ പൂര്‍ണമായും തള്ളിക്കളയുകയാണ് സിപിഐ നേതൃത്വം. സുന്ദരി ഷെട്ടിക്കെതിരേ കടുത്ത അച്ചടക്കനടപടികളുണ്ടായേക്കും. സുന്ദരി ഷെട്ടിയില്‍ നിന്ന് ജില്ലാ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. ഇത്തവണ കടമ്പാര്‍ വാര്‍ഡില്‍ നിന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.