'ഡെയ്..ഇവിടെ ഇങ്ങനെ നിൽക്കല്ലേ..'; പിന്നാലെ തർക്കം മൂത്ത് പൊരിഞ്ഞ അടി; ക്ഷേത്രത്തിൽ കാവൽ കിടന്ന ഭാരവാഹികളെ മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: പൂവച്ചൽ നാടുകാണി ക്ഷേത്രത്തിലെ കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഭാരവാഹികളെ മർദിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. വെളിയംകോട് സ്വദേശി അനുരാഗ് (21) ആണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ജൂലൈ 19-ന് അർധരാത്രിയോടെയാണ് സംഭവം നടന്നത്. ക്ഷേത്രത്തിൽ മോഷണം നടന്നതിനെത്തുടർന്ന് സുരക്ഷയുടെ ഭാഗമായി പാറയുടെ മുകളിൽ കാവൽ ഏർപ്പെടുത്തിയിരുന്നു. ഈ സമയം പാറയുടെ മുകളിൽ ചിലർ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചോദ്യം ചെയ്യാൻ ചെന്ന ക്ഷേത്ര രക്ഷാധികാരിക്കും കമ്മിറ്റി അംഗങ്ങൾക്കുമാണ് മർദനമേറ്റത്. ബൈക്കുകളിലെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. നേരത്തെ കേസിൽ ഒന്നാം പ്രതിയായ കണ്ടല സ്വദേശി അജീഷ് ലാലിനെയും മണ്ണടിക്കോണം സ്വദേശി വിശാഖിനെയും പോലീസ് പിടികൂടിയിരുന്നു. അനുരാഗിന്റെ അറസ്റ്റോടെ കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് പോലീസ് നിഗമനം.