മകളുടെ ആണ്‍സുഹൃത്തിനെ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു; സംഭവം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങവേ
വെഞ്ഞാറമൂട്: മകളുടെ കാമുകനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. വെമ്പായം സിയോൺകുന്നിൽ പനച്ചവിള വീട്ടിൽ ജോൺ (48) ആണ് ഞായറാഴ്ച വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. വേറ്റിനാട് സ്വദേശി അഖിൽ ജിത്തിനെ (30) ആണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.
ശനിയാഴ്ച ഉച്ചയോടെ വെമ്പായം കൊപ്പത്ത് വെച്ചായിരുന്നു സംഭവം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി കാറിൽ കയറാൻ ശ്രമിക്കുകയായിരുന്ന അഖിൽ ജിത്തിനെ ജോൺ ഓടിച്ചുവന്ന ലോറി ഉപയോഗിച്ച് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ ലോറിയിടിച്ച് അഖിൽ ജിത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തി അഖിൽ ജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കേസെടുത്ത വെഞ്ഞാറമൂട് പോലീസ്, ഒളിവിൽ പോയ ജോണിനെ ഞായറാഴ്ച രാവിലെ സിയോൺകുന്നിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.