സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം; നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയെ പൊക്കി പോലീസ്
കൊട്ടിയം: നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ യുവാവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിമൺ, വട്ടവിള ചരുവിള പുത്തൻ വീട്ടിൽ സെയ്ദാലി (18) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 8ന് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിന്റെ പാർക്കിങ് സ്ഥലത്തുനിന്ന് ഇരുചക്രവാഹനം മോഷ്ടിക്കപ്പെട്ട സംഭവത്തിൽ നടന്ന അന്വേഷണത്തിനിടെയാണ് സെയ്ദാലി പോലീസ് വലയിലായത്. പലയിടങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. പ്രതിയിൽനിന്ന് മോഷ്ടിക്കപ്പെട്ട വാഹനവും കണ്ടെടുത്തു.
കൊട്ടിയം, കണ്ണനല്ലൂർ, ചവറ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കൊട്ടിയം സ്റ്റേഷൻ ഇൻസ്പെക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിഥിൻ നളൻ, പ്രമോദ് കുമാർ, ഷാജി എന്നിവരും സി.പി.ഒമാരായ വിനോദ്, അഖിൽ എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.