കുറെ ദിവസങ്ങളായി എക്സൈസ് പിന്തുടർന്ന് നിരീക്ഷിച്ചു; ഡ്രൈ ഡേയിൽ കച്ചവടം പൊടിപൊടിക്കുമെന്ന് കരുതി; 100 കുപ്പിയുമായി പ്രതി പിടിയിൽ

Update: 2025-10-03 17:40 GMT

ചേർത്തല: ഡ്രൈ ഡേ പ്രമാണിച്ച് അനധികൃതമായി വിൽപ്പന നടത്താൻ സൂക്ഷിച്ച വൻതോതിലുള്ള മദ്യശേഖരവുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. ചേർത്തലയിലും അമ്പലപ്പുഴയിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് ഇവരെ വലയിലാക്കിയത്. ആഴ്ചകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.

ചേർത്തല കൊക്കോതമംഗലം വാരനാട് സ്വദേശി നന്ദകുമാർ (56) ആണ് പിടിയിലായ ഒരാൾ. ഇയാളിൽ നിന്ന് അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 100 കുപ്പി വിദേശ മദ്യമാണ് കണ്ടെടുത്തത്. ഡ്രൈ ഡേ ദിവസങ്ങളിൽ ഉയർന്ന വിലയ്ക്ക് മദ്യം വിൽക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി പി സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ പിടികൂടിയത്.

അതേസമയം, അമ്പലപ്പുഴ തോട്ടപ്പള്ളിയിൽ നിന്ന് 101 കുപ്പി വിദേശ മദ്യം എക്സൈസ് സംഘം കണ്ടെടുത്തു. വിൽപ്പന നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ശിവജി (52) എന്നയാളെയാണ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ടതോടെ പ്രതി മദ്യകുപ്പികൾ കായലിലേക്ക് ഉപേക്ഷിച്ചെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെടുത്തത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂഖ് അഹമ്മദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

Tags:    

Similar News