കൂട്ടുകാരൻ ബൈക്കുമായി പുറത്ത് കാത്തുനിന്നു; സാധനം വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കയറിയ രണ്ടാമൻ ചെയ്തത്; പ്രതികളെ കൈയ്യോടെ പൊക്കി പോലീസ്

Update: 2025-11-06 12:21 GMT

തിരുവനന്തപുരം: ഉള്ളൂരിൽ കടയുടമയായ വയോധികയുടെ രണ്ടുപവൻ്റെ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ മൂന്നുപേരെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. പോങ്ങുംമൂട് സ്വദേശി അരുൺ (27), നീരാഴി ലെയ്‌ൻ സ്വദേശി സൂരജ് (27) എന്നിവരാണ് മാല പൊട്ടിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവരെ സഹായിച്ച മൂന്നാം പ്രതി ബിനുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രശാന്ത് നഗറിൽ വീടിനോട് ചേർന്ന് സ്റ്റേഷനറിക്കട നടത്തുന്ന 70 കാരിയുടെ കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയാണ് പ്രതികളെത്തിയത്. ഹെൽമെറ്റും മാസ്‌കും ധരിച്ചെത്തിയ അരുൺ, കടയുടമയുടെ കഴുത്തിൽ കിടന്ന മാല ബലം പ്രയോഗിച്ച് പൊട്ടിച്ചെടുക്കുകയായിരുന്നു. ഈ സമയം സൂരജ് കടയ്ക്ക് പുറത്ത് ബൈക്കിൽ ഇവരെ കാത്തുനിൽപ്പുണ്ടായിരുന്നു. മാല പൊട്ടിച്ച ശേഷം ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു.

സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ മാല വെഞ്ഞാറമൂട്ടിലുള്ള ഒരു സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വെച്ചതായി കണ്ടെത്തി. തുടർന്ന് മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിൽ കുന്നിക്കോടിനടുത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. മാല പണയം വെക്കാനും പ്രതികളെ ഒളിവിൽ കഴിയാനും സഹായിച്ചതിനാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News