ടിവിഎസ് സ്‌കൂട്ടറിൽ കറങ്ങി നടത്തം; പന്തികേട് തോന്നി പരിശോധിച്ചതും പൊക്കി; കടത്താൻ ശ്രമിച്ച മുന്തിയ ഇനം കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ
പത്തനംതിട്ട: കൊഴഞ്ചേരി താലൂക്കിലെ കുളനടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. കുളനട - ഓമല്ലൂർ റോഡിൽ എസ്.ആർ പോളി ക്ലിനിക്കിന് മുൻവശത്ത് വെച്ചായിരുന്നു ഇവരെ വലയിലാക്കിയത്.
ദക്ഷിണ ദിനാജ്പൂർ, ഡൗലത്പൂർ സ്വദേശി പരൂക്ക് അലി (25), ജനാഫുൾ സ്വദേശി പ്രദീപ് ഘോഷ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 3.192 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കെ.എൽ 26 സി 6593 നമ്പറിലുള്ള ടിവിഎസ് വേഗൊ സ്കൂട്ടറിലാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ ജി അജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എൻ.ഡി.പി.എസ് നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ കോടതിയിൽ ഹാജരാക്കും. ലഹരി കടത്ത് സംഘങ്ങളുമായുള്ള പ്രതികളുടെ ബന്ധത്തെക്കുറിച്ച് എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കഞ്ചാവ് കടത്തിന് പിന്നിലെ വലിയ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.