അടിച്ചുമാറ്റിയ പിക്കപ്പ് വാനുമായി എത്തി പ്രദേശത്തെ മുഴുവൻ നടുക്കി യുവാവ്; റോഡരികിലെ കാര്‍ ഇടിച്ചു തകര്‍ത്തു; വെളിച്ചെണ്ണ മില്ലിന് തീയിട്ടു; ഭയപ്പെടുത്തുന്ന സംഭവം താമരശ്ശേരിയിൽ

Update: 2026-02-13 11:43 GMT

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽ മോഷ്ടിച്ച വാഹനങ്ങളുമായി എത്തിയ യുവാവ് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വെളിമണ്ണ സ്വദേശിയായ അബ്ദുൽ റാസിഖ് ആണ് നാട്ടുകാരെയും പോലീസിനെയും മുൾമുനയിൽ നിർത്തിയുള്ള പരാക്രമം നടത്തിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ ഇടിച്ചുതകർത്ത ഇയാൾ, വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു. പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

ഇന്ന് പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി ചുങ്കത്ത് നിന്നാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ആദ്യം ഒരു ആംബുലൻസ് മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്നാണ് സമീപത്തുണ്ടായിരുന്ന പിക്കപ്പ് വാനുമായി ഇയാൾ കടന്നുകളഞ്ഞത്. ഏകദേശം രണ്ടരയോടെ വെളിമണ്ണയിലെത്തിയ റാസിഖ്, റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാർ ഇടിച്ചുതകർത്തു.

വാഹനങ്ങൾ തകർത്തതിന് പിന്നാലെ, താൻ നേരത്തെ ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ മില്ലിന് ഇയാൾ തീയിടുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ അത് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ റാസിഖ് പിക്കപ്പ് വാനുമായി അവിടെനിന്ന് രക്ഷപ്പെട്ടു. മില്ലിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

വെളിമണ്ണയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിന്നീട് ഓമശ്ശേരി മാങ്ങാട്ടുള്ള പെട്രോൾ പമ്പിലെത്തി. ഓടിച്ചിരുന്ന പിക്കപ്പ് വാനിന്റെ ടയർ തകർന്നതിനെ തുടർന്ന് അത് അവിടെ ഉപേക്ഷിച്ചു. തുടർന്ന് പമ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനം മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമി വെളിമണ്ണ സ്വദേശി അബ്ദുൽ റാസിഖാണെന്ന് തിരിച്ചറിഞ്ഞത്. പമ്പിൽ നിന്നും മോഷ്ടിച്ച വാഹനം പിന്നീട് ഇയാളുടെ വീടിന്റെ പോർച്ചിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോൺ താമരശ്ശേരി കുടുക്കിൽ ഉമ്മരത്തെ ഗ്യാസ് ഗോഡൗണിന് സമീപം ഒളിപ്പിച്ച നിലയിലും പോലീസ് കണ്ടെടുത്തു.

Tags:    

Similar News