സമാധാനമായി കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നടന്ന കൊടുംക്രൂരത; വീട്ടിൽ കയറി ഗൃഹനാഥനെ കുത്തിയ കേസിലെ പ്രതി ഇനി പുറം ലോകം കാണില്ല

Update: 2026-04-08 09:34 GMT

ചേർത്തല: ചേർത്തലയിൽ വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷവും മൂന്നുമാസവും കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വയലാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തുവൽ നികർത്ത് വീട്ടിൽ സാലി എന്ന അമ്പതുകാരനെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ലക്ഷ്മി എസ് ശിക്ഷിച്ചത്.

2022 മെയ് 15ന് രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയലാർ ചൂഴാട്ടിത്തറ വീട്ടിൽ ആന്റണിയുടെ മകൻ വർഗീസ് കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, പ്രതി സാലി വീട്ടിൽ അതിക്രമിച്ചുകയറി കത്തി ഉപയോഗിച്ച് വർഗീസിൻ്റെ വയറ്റിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് അടിയന്തര ശസ്ത്രക്രിയക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രതി സാലിക്ക് മൂന്നുവർഷവും മൂന്നുമാസവും കഠിനതടവിനും 25,000 രൂപ പിഴ ഒടുക്കാനും ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. ശിക്ഷാവിധിക്ക് ശേഷം സാലിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ചേർത്തല പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി ജെ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ രാധാകൃഷ്ണൻ ജി കോടതിയിൽ ഹാജരായി. വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസിൽ കോടതിയുടെ ഈ വിധി ശക്തമായ നിയമനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്.

Tags:    

Similar News