സ്വകാര്യ സ്ഥാപനത്തിലെ റൂമിൽ മിന്നൽ പരിശോധന; ഇരച്ചെത്തി എക്സൈസ്; എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിൽ; ഉദ്ദേശം വിൽപ്പന തന്നെ; 50 ഗ്രാം വരെ പിടിച്ചെടുത്തു
കൊച്ചി: 50 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. എറണാകുളം കലൂരിലാണ് സംഭവം നടന്നത്. കൊച്ചി സ്വദേശികളായ അഫ്രീദ് (27), ഹിജാസ് (27), അമൽ ആവോഷ് (27), ഫിർദൗസ് (26) എന്നിവരാണ് കലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ റൂമിൽ നിന്ന് മയക്കുമരുന്നുമായി അറസ്റ്റിലായത്.
ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന് ചെറു പൊതികളാക്കി എറണാകുളം, കാക്കനാട്, കൊച്ചി തുടങ്ങിയ പ്രദേശങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നു പ്രതികൾ.
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി എം മജുവിന്‍റെ നിർദ്ദേശ പ്രകാരം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിന്‍റെ മേൽനോട്ടത്തിൽ എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഒ എൻ അജയകുമാർ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്)മാരായ ബസന്ത് കുമാർ, ബൈനു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്, അഫ്സൽ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സരിതാറാണി, അമ്പിളി എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.