അഡ്വ. പി ഗവാസ് ജില്ലാ സെക്രട്ടറി; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊടിയിറക്കം

അഡ്വ. പി ഗവാസ് സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി

Update: 2025-07-25 17:02 GMT

കോഴിക്കോട്: സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അഡ്വ. പി ഗവാസ് (46 ) തെരഞ്ഞെടുക്കപ്പെട്ടു. കുറ്റ്യാടി മരുതോങ്കരയ്ക്കടുത്ത് കോതോട് സ്വദേശിയാണ്. പാറക്കല്‍ ഗംഗാധരന്‍- പത്മിനി ദമ്പതികളുടെ മകനാണ്. എഐഎസ്എഫിലൂടെ പൊതുരംഗത്ത് വന്ന് അഡ്വ. പി ഗവാസ് എഐഎസ് എഫ്, എഐവൈ എഫ് സംഘടനകളുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോ സെക്രട്ടറി, നാഷണല്‍ കൗണ്‍സില്‍ അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥി-യുവജന സംഘടനാ കാലഘട്ടത്തില്‍ ഇടത് പുരോഗമന സംഘടനാ രംഗത്തെ സമരമുഖമായി മാറി നിരവധി തവണ ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് ഇരയായി. വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി പലതവണ ജയില്‍ വാസം അനുഭവിച്ചു. വിദ്യാര്‍ത്ഥി സംഘടനാ കാലത്ത് കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചു. സിപിഐ കാവിലുംപാറ ലോക്കല്‍ സെക്രട്ടറി, നാദാപുരം മണ്ഡലം സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുധാനന്ദര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയില്‍ അഭിഭാഷകനായിരുന്നു. അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് (ഐ എഎല്‍) ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. 2005 മുതല്‍ സിപിഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗവും നിലവില്‍ പാര്‍ട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമാണ്.

2020 മുതല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ കടലുണ്ടി ഡിവിഷനില്‍ നിന്നുള്ള അംഗവും നിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. ലോക യുവജന സമ്മേളനത്തിന്റെ ഭാഗമായി റഷ്യ, ഇക്വഡോര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മോസ്‌കോയില്‍ നടന്ന വേള്‍ഡ് യംഗ് കമ്യൂണിസ്റ്റ് സംഗമത്തിലും പങ്കെടുത്തു. അധ്യാപികയും എകെ എസ് ടി യു നേതാവുമായ കെ സുധിനയാണ് ജീവിത പങ്കാളി. മക്കള്‍: സെദാന്‍ ഗസിന്ത്, കലാനി ഗസിന്ത്. നിലവില്‍ കോഴിക്കോട് ബിലാത്തിക്കുളത്താണ് താമസം.

ജില്ലാ സമ്മേളനം നാല് കാന്‍ഡിഡേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 39 അംഗ പുതിയ ജില്ല കൗണ്‍സിലിനെയും 12 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല കൗണ്‍സില്‍ യോഗം ഇ കെ വിജയന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ജില്ല സെക്രട്ടറിയായി അഡ്വ. പി ഗവാസിനെ ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സി പി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യന്‍ മൊകേരി, സി കെ ശശിധരന്‍, അഡ്വ. പി വസന്തം, ടി വി ബാലന്‍, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍, സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോട്ടെ കോമണ്‍വെല്‍ത്ത് നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്ത് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും ഗ്രാസിം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണവും പ്രതികൂല കാലാവസ്ഥയും കാരണം പൊതുസമ്മേളനവും റെഡ് വളണ്ടിയര്‍ മാര്‍ച്ചും പതാക- കൊടിമര ജാഥകളും ഒഴിവാക്കി രണ്ടു ദിവസത്തെ പ്രതിനിധി സമ്മേളനം മാത്രമാണ് നടത്തിയത്. കല്ലാച്ചി ഓത്തിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ എം നാരായണന്‍ മാസ്റ്റര്‍ നഗറില്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബുവാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

Tags:    

Similar News