പൊട്ടിത്തെറികള്‍ ആവര്‍ത്തിക്കുന്നു; ജീവന്‍ ബലിയാടാക്കരുത്: സുരക്ഷാ വീഴ്ച വരുത്തുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടണം; കേരള ബോയിലര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ശക്തമായ നിലപാടില്‍

Update: 2025-11-02 08:56 GMT

കോട്ടയം: സംസ്ഥാനത്ത് അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബോയിലര്‍ പൊട്ടിത്തെറി അപകടങ്ങളില്‍ ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, സുരക്ഷാ വീഴ്ച വരുത്തുന്ന ഫാക്ടറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള ബോയിലര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (AKBOA) ആവശ്യപ്പെട്ടു. ലാഭക്കൊതിക്ക് വേണ്ടി തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുന്ന മാനേജ്മെന്റുകള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സമീപകാലത്ത് അപകടങ്ങള്‍ ആവര്‍ത്തന കഥയാകുന്നുവെന്ന് സംഘടന പറയുന്നു. എറണാകുളം എടയാര്‍ ദുരന്തം (മുന്‍പ്): എടയാര്‍ വ്യവസായ മേഖലയില്‍ ഒരു ഫാക്ടറിയില്‍ നടന്ന ബോയിലര്‍ പൊട്ടിത്തെറിയില്‍ ഒരു തൊഴിലാളിക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിന് കാരണം അനധികൃതമായി സ്ഥാപിച്ച IBR നിലവാരമില്ലാത്ത ബോയിലര്‍ ആയിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത ബോയിലറു'കള്‍ ഉപയോഗിച്ച് ജീവനെടുക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ അന്ന് തന്നെ AKBOA മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഏറ്റവും ഒടുവിലായി കാസര്‍ഗോഡ് ജില്ലയിലെ കുമ്പള അനന്തപുരം വ്യവസായ പാര്‍ക്കില്‍ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ ബോയിലര്‍ പൊട്ടിത്തെറിയില്‍ അസം സ്വദേശിയായ നസീറുള്‍ അലി എന്ന തൊഴിലാളിക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവമാണ് അടിയന്തിര നടപടിക്ക് പ്രേരിപ്പിക്കുന്നത്. ഇതിന് മുന്‍പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലൈസന്‍സില്ലാത്ത ഓപ്പറേറ്റര്‍മാരെ ഉപയോഗിച്ചതും, ബോയിലറുകളുടെ അറ്റകുറ്റപ്പണിയിലെ വീഴ്ചകളും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് ഈ ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം എന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.

അപകടങ്ങള്‍ ചെറുക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അസോസിയേഷന്‍ നിര്‍ദ്ദേശങ്ങളും മുമ്പോട്ട് വച്ചു. ലൈസന്‍സില്ലാത്തവരെ പുറത്താക്കണം: ചെലവ് കുറയ്ക്കുന്നതിന്റെ പേരില്‍, മതിയായ സര്‍ക്കാര്‍ ലൈസന്‍സില്ലാത്ത (Boiler Competency Certificate) ഓപ്പറേറ്റര്‍മാരെ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കണം. ഇത് നിയമപരമായി കുറ്റകരമാണ്.

കര്‍ശന പരിശോധനയും പൂട്ടലും: ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് സംസ്ഥാനത്തെ എല്ലാ വ്യവസായ യൂണിറ്റുകളിലും അടിയന്തിര പരിശോധന നടത്തണം. സുരക്ഷാ വീഴ്ച വരുത്തിയതായി കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മാതൃകാപരമായ ശിക്ഷ: അപകടങ്ങള്‍ക്ക് കാരണമാകുന്ന ഫാക്ടറി ഉടമകള്‍ക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ നരഹത്യാക്കുറ്റം അടക്കമുള്ള മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം.

തൊഴിലാളി ക്ഷേമം: അപകടത്തില്‍ മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണം. ഓരോ ബോയിലര്‍ ഓപ്പറേറ്ററുടെയും തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെടുന്നു.

Similar News