ഓട്ടോറിക്ഷയിൽ കറങ്ങി നടക്കും; ആരും കാണാതെ വീടിന്റെ ടെറസിൽ കയറിയത് അയൽവാസിയുടെ ഫോണിൽ കൃത്യമായി തെളിഞ്ഞു; കൊല്ലത്ത് റബ്ബർ ഷീറ്റ് കവർന്നവർ പിടിയിൽ

Update: 2025-12-30 01:46 GMT

കൊല്ലം: കടയ്ക്കലിൽ പട്ടാപ്പകൽ വീടിൻ്റെ ടെറസിൽനിന്ന് റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പുനലൂർ ഇളമ്പൽ പറങ്കിമാം കുന്നിൽ വീട്ടിൽ ഉദയകുമാർ (43), മഞ്ഞമൺകാല ശ്രീകൃഷ്ണ വിലാസത്തിൽ ശിവപ്രസാദ് (39) എന്നിവരാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. അയൽവാസി പകർത്തിയ ഓട്ടോറിക്ഷയുടെ ചിത്രം കേസിൽ നിർണ്ണായക തെളിവായി.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കടയ്ക്കൽ കുറ്റിക്കാട് വടക്കേവയൽ സ്വദേശി ജയകുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ അറിയാതെ വീടിന്റെ ടെറസിലുണ്ടായിരുന്ന എഴുപതോളം റബ്ബർ ഷീറ്റുകളാണ് സംഘം ഓട്ടോറിക്ഷയിൽ കയറ്റി കടത്തിക്കൊണ്ടുപോയത്. അയൽവാസിയായ യുവാവ് ഈ ദൃശ്യം കാണുകയും ഓട്ടോറിക്ഷയുടെ ചിത്രം പകർത്തി ജയകുമാറിനെ അറിയിക്കുകയുമായിരുന്നു.

ചിത്രം സഹിതം ജയകുമാർ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോറിക്ഷ ഉടമയെ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറായ ഉദയകുമാറിന് വാടകയ്ക്ക് നൽകിയതാണെന്ന് ഉടമ മൊഴി നൽകി. തുടർന്ന്, പുനലൂർ ഭാഗത്തുനിന്ന് പ്രതികളെയും മോഷണത്തിനായി ഉപയോഗിച്ച ഓട്ടോറിക്ഷയും കടയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച റബ്ബർ ഷീറ്റുകൾ വിൽപ്പന നടത്തിയ ആലഞ്ചേരിയിലെ കടയിലെത്തിച്ച് പൊലീസ് തെളിവെടുപ്പും നടത്തി.

അഞ്ചൽ പോലീസ് സ്റ്റേഷൻ ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള മോഷണ കേസുകളിൽ പ്രതികളാണ് ഉദയകുമാറും ശിവപ്രസാദുമെന്ന് പൊലീസ് കണ്ടെത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അയൽവാസിയുടെ ജാഗ്രതയും സമയബന്ധിതമായ ഇടപെടലുമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ പൊലീസിന് സഹായകമായത്.

Tags:    

Similar News